വേദത്തെ നാലായി പിരിച്ചതെങ്ങനെ?

വേദത്തെ നാലായി പിരിച്ചതെങ്ങനെ?

മറ്റു പുരാണങ്ങളും വ്രതങ്ങളും തപസ്സും മറ്റും ദേവീഭാഗവതത്തിന്‍റെ താരതമ്യത്തിൽ തുലോം കുറവാണെന്നും ദേവീഭാഗവതം പാപങ്ങളാകുന്ന മരങ്ങൾ കൊണ്ടു നിറഞ്ഞ ഘോരവനത്തിനെ വെട്ടിയൊതുക്കാൻ പോന്ന മഴുവാണെന്നും രോഗങ്ങളും ദുരിതങ്ങളുമാകുന്ന അന്ധകാരത്തെ നശിപ്പിക്കുന്ന സൂരൃനാണെന്നും മറ്റും സൂതൻ പറഞ്ഞത് കേട്ടപ്പോൾ ഋഷിമാർക്കും മുനിമാർക്കും താൽപരൃം വീണ്ടും വർദ്ധിച്ചു.

ദേവീഭാഗവതത്തെ പറ്റി കൂടുതൽ അറിയാൻ.

ദേവീഭാഗവതം കേൾക്കാൻ.

എന്താണ് ഈ പുരാണത്തിൽ പറഞ്ഞിട്ടുള്ളത്?

ഇത് കേൾക്കാനായി എന്തെങ്കിലും പ്രത്യേക വിധി ഉണ്ടോ?

ദേവീഭാഗവതവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രത്യേക പൂജകളുണ്ടോ?

ഇതിനു മുമ്പ് ആരൊക്കെയാണ് ഈ കഥ കേട്ടിട്ടുള്ളത്?

അവർക്ക് അതിൽ നിന്ന് എന്താണ് പ്രയോജനം ഉണ്ടായിട്ടുള്ളത്?

ഇങ്ങനെയൊക്കെ അവർ ചോദിച്ചു.

സൂതൻ പറഞ്ഞു- വ്യാസമഹർഷി സാക്ഷാല്‍ ശ്രീമന്നാരായണന്‍റെ അവതാരമാണ്.

പരാശരമഹർഷി വഴി സത്യവതിയുടെ ഗർഭത്തിൽ ഭഗവാൻ എടുത്ത അവതാരമാണ് വ്യാസമഹർഷി.

അദ്ദേഹമാണ് വേദത്തിനെ ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം എന്നിങ്ങനെ നാലായി പിരിച്ചത്.

ഇതിനു മുമ്പ് വേദമന്ത്രങ്ങളെല്ലാം ഒന്നായിട്ടാണ് ഇരുന്നത്.

വേദം പഠിയ്ക്കുന്നവർ ഈ എല്ലാ മന്ത്രങ്ങളും പഠിച്ചിരുന്നു.

എന്നാൽ വ്യാസമഹർഷിയ്ക്കു മനസ്സിലായി പോകെപ്പോകെ മനുഷ്യന്‍റെ ബുദ്ധിപാടവവും ഓര്‍മ്മശക്തിയും ഒക്കെ കുറഞ്ഞുകൊണ്ടേ വരും .

അതുകൊണ്ട് അദ്ദേഹം വേദമന്ത്രങ്ങളെ നാലായി വിഭജിച്ചു.

എന്തായിരുന്നു ഈ വിഭജനത്തിന്‍റെ അടിസ്ഥാനം?

യജ്ഞങ്ങളില്‍ പ്രധാനമായും പുരോഹിതന്മാര്‍ക്ക് നാല് ചുമതലകൾ ആണ് ഉള്ളത്.

യജ്ഞസംബന്ധമായ എല്ലാം ക്രിയാകര്‍മ്മങ്ങളും ചെയ്യുന്ന ആൾ അധ്വര്യു.

അദ്ദേഹത്തിന് വേണ്ട മന്ത്രങ്ങളെ യജുർവേദത്തിൽ ഉൾപ്പെടുത്തി.

ദേവന്മാർക്കുള്ള സ്തുതികൾ പറഞ്ഞ് അതിനൊടുവിൽ സ്വാഹാ തുടങ്ങിയവയെ ചേർത്ത് ഹോതാ എന്ന പുരോഹിതൻ മന്ത്രം ചൊല്ലുമ്പോള്‍ അധ്വര്യു ആഹുതി ദ്രവൃം, നെയ്യോ ഹവിസോ ഒക്കെ അഗ്നിയിൽ സമർപ്പിക്കുന്നു.

ഹോതാവിന് വേണ്ടുന്ന മന്ത്രങ്ങൾ ഋഗ്വേദത്തിൽ ഉൾപ്പെടുത്തി.

അധ്വര്യുവിന് ആഹൂതി കൊടുക്കൽ മാത്രമല്ലാ, ശുദ്ധീകരണം, വേദീനിർമ്മാണം തുടങ്ങി ഒട്ടനവധി കാര്യങ്ങളുണ്ട്.

ഇതിനൊക്കെ ഉള്ള മന്ത്രങ്ങൾ യജുർവേദത്തിലാണ് ഉള്ളത്.

യജ്ഞത്തിൽ ഗാനരൂപത്തിൽ പല മന്ത്രങ്ങളും ചൊല്ലേണ്ടതുണ്ട്.

ഈ മന്ത്രങ്ങൾ സാമവേദത്തിൽ ഉൾപ്പെടുത്തി.

അതിന്‍റെ ചുമതല ഉദ്ഗാതാവ് എന്ന പുരോഹിതന്.

യജ്ഞം നടക്കുബോൾ പലവിധ പാകപ്പിഴകൾ സംഭവിക്കാം.

അതിനുള്ള പരിഹാരങ്ങള്‍, കൂടാതെ ലൗകികമായ പല ആവശ്യങ്ങൾക്ക് വേണ്ടിയ മന്ത്രങ്ങൾ- രോഗനിവൃത്തി, ധനപ്രാപ്തി, പാപമോചനം ഇതിനൊക്കെ വേണ്ട മന്ത്രങ്ങള്‍ ഇവയൊക്കെ അഥര്‍വ്വവേദത്തിൽ ഉൾപ്പെടുത്തി.

യജ്ഞത്തിൽ അഥര്‍വ്വവേദ പുരോഹിതന് ബ്രഹ്മാവ് എന്ന് പറയും.

ബ്രഹ്മാവിന് നാല് വേദങ്ങളുടേയും ജ്ഞാനം ഉണ്ടായിരിക്കണം.

ഇങ്ങനെ യജ്ഞാധിഷ്ഠിതമായി വേദത്തെ നാലായി പിരിച്ചത് വേദവ്യാസൻ.

 

മലയാളം

മലയാളം

ദേവീഭാഗവതം

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...