പരീക്ഷിത്ത് കലിയെ തടുക്കുന്നു

പരീക്ഷിത്ത് കലിയെ തടുക്കുന്നു

 

കലിയുഗം ക്രൂരതയുടേയും, കളവിന്‍റേയും, കപടതയുടേയും, വഞ്ചനയുടേയും, കലഹത്തിന്‍റേയും യുഗമാണ്.

കലി എന്ന അദൃശ്യ ശക്തി പാപം ചെയ്യാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു.

അതു മൂലം ലോകത്തില്‍ അശാന്തി പരക്കുന്നു.

 

കലി ലോകം മുഴുവന്‍ വ്യാപിക്കുന്നു എന്ന് കണ്ട ഋഷിമാര്‍ നൈമിഷാരണ്യത്തില്‍ ഒത്ത് ചേര്‍ന്നു. 

ലോകനന്മയ്ക്കും ആത്മോദ്ധാരത്തിനുമായി യാഗങ്ങള്‍ ചെയ്യുകയും പുരാണ കഥാശ്രവണം  നടത്തുകയും ചെയ്തു.

 

കുരുക്ഷേത്രയുദ്ധത്തിന് ശേഷം ഭഗവാന്‍ ശ്രീകൃഷ്ണന്‍ വൈകുണ്ഠത്തിലേയ്ക്ക് തിരികെ പോയി.

പാണ്ഡവര്‍ അഭിമന്യുപുത്രനായ പരീക്ഷിത്തിനെ രാജാവായി വാഴിച്ച്  സ്വര്‍ഗ്ഗാരോഹണത്തിനായി തിരിച്ചു.

രാജാവായ ഉടന്‍ പരീക്ഷിത്ത് മൂന്ന് അശ്വമേധയാഗങ്ങള്‍ നടത്തി.

നല്ലൊരു ഭരണാധികാരി ആയിരുന്നു പരീക്ഷിത്ത്.

എന്നാല്‍ കുറച്ച് സമയത്തിനുള്ളില്‍ പരീക്ഷിത്തിന്‍റെ രാജ്യത്തില്‍ കലിയുടെ പ്രഭാവം കണ്ടു തുടങ്ങി.

ഭഗവാന്‍ ഭൂമിയില്‍നിന്നും മടങ്ങിപ്പോകാന്‍ കാത്തിരിക്കുകയായിരുന്നു കലി.

 

പരീക്ഷിത്തിന് തന്‍റെ രാജ്യത്തെ കലി ബാധിക്കുന്നത് കണ്ട് വെറുതെ ഇരിക്കാനായില്ല. 

തന്‍റെ സേനയുമായി കലിയോട് യുദ്ധത്തിനൊരുങ്ങി.

കലിയെത്തേടി നടക്കുന്ന് സമയത്ത് ഒരിടത്ത് പരീക്ഷിത്ത് ഒരു കാഴ്ച കണ്ടു.

ഒരു കാള, അതിന്‍റെ മൂന്ന് കാലുകള്‍ ഒടിഞ്ഞിരിക്കുന്നു.

സമീപത്ത് ഒരു പശുവും.

രണ്ട് പേരും പരസ്പരം ആശ്വസിപ്പിച്ചു കൊണ്ടിരിക്കുന്നു.

 

അത് ഒരു സാധാരണ കാളയും പശുവും ആയിരുന്നില്ല.

 

 

കാള ധര്‍മ്മവും പശു ഭൂമിയുമായിരുന്നു.

കാള പശുവിന്‍റെ ദുരവസ്ഥ ചോദിച്ചറിഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു.

അത് പോലെ പശു കാളയേയും.

 

അപ്പോള്‍ രാജവേഷം ധരിച്ച ഉഗ്രരൂപിയായ ഒരാള്‍ വന്ന് കാളയുടെ ഒടിയാത്ത കാലില്‍ അടിക്കാന്‍ തുടങ്ങി.

ഇത് കണ്ട പരീക്ഷിത്ത് തന്‍റെ വാളെടുത്ത് അയാളെ വെട്ടാന്‍ മുതിര്‍ന്നു.

ഉടന്‍ തന്നെ അയാള്‍ പരീക്ഷിത്തിന്‍റെ കാലില്‍ വീണു.

എന്നിട്ട് പറഞ്ഞു, ‘മഹാരാജാവേ, ഞാന്‍ കലിയാണ്. ഞാന്‍ എവിടെ പോകും?’

’ഈ ലോകം മുഴുവനും അങ്ങയുടെ അധീനതയിലാണ്.’

’എനിക്കാണെങ്കില്‍ അങ്ങയെ ഭയവുമാണ്.’

’എന്‍റെ സമാധാനം നശിച്ചിരിക്കുന്നു.’

’എനിക്ക് കഴിയാന്‍ ദയവായി കുറച്ച് സ്ഥലം അനുവദിച്ച് തരണം.’

പരീക്ഷിത്ത് ഉടന്‍ തന്നെ ചൂതാട്ടകേന്ദ്രങ്ങളും, വേശ്യാലയങ്ങളും, മദ്യശാലകളും കശാപ്പുശാലകളും കലിക്ക് തങ്ങാന്‍ അനുവദിച്ച് നല്‍കി.

 

കലിക്ക് തൃപ്തിയായില്ല.

അഞ്ചാമതായി പരീക്ഷിത്ത് പണം കുമിഞ്ഞ് കൂടുന്ന ഇടങ്ങളും കലിക്ക് നല്‍കി.

ഈ സ്ഥലങ്ങളെ ഒഴിവാക്കിയാല്‍ മനുഷ്യര്‍ക്ക് കലിയില്‍നിന്നും രക്ഷപെടാം.

പണം സല്‍ക്കാര്യങ്ങള്‍ ചെയ്യാനും മറ്റുള്ളവരെ സഹായിക്കാനും ഉപയോഗിക്കുന്നവരെ കലി വെറുതെ വിടും.

ഭഗവന്നാമം കേട്ടുകൊണ്ടിരിക്കുന്ന ഇടങ്ങളിലും കലി പ്രവേശിക്കില്ല.

ഇങ്ങനെ പരീക്ഷിത്ത് കലിയുടെ ആക്രമണത്തെ തടഞ്ഞു.

 

എന്തായിരുന്നു ധര്‍മ്മം എന്ന കാളയുടെ നാല് കാലുകള്‍?

സത്യം, കരുണ, ദാനം, ശുചിത്വം.

പരീക്ഷിത്ത് കാണുന്ന സമയത്ത് കരുണ, ദാനം, ശുചിത്വം എന്ന മൂന്ന് കാലുകള്‍ ഒടിഞ്ഞു  കഴിഞ്ഞിരുന്നു.

തന്‍റെ പ്രജകള്‍ക്കിടയില്‍ ഈ സത്ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുക വഴി പരീക്ഷിത്ത് ആ കാളയുടെ കാലുകള്‍ സുഖപ്പെടുത്തിയെടുത്തു.

അത് കണ്ട് പശുവിനും സമാധാനമായി.

 

നല്ല ഭരണാധികാരികള്‍ വിചാരിച്ചാല്‍ ഇന്നും കലിയുടെ മുന്നേറ്റത്തെ തടുത്തു നിര്‍ത്താം.

കലിയുഗത്തില്‍ ഇങ്ങനെ ആയിരിക്കും എന്ന് പറഞ്ഞ് വെറുതെയിരിക്കരുത്.

മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

Copyright © 2025 | Vedadhara test | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...

We use cookies