നാരായണീയവും മേൽപ്പത്തൂരും

 

പണ്ട് മേൽപ്പത്തൂർ ഗ്രാമത്തിൽ ഒരു നമ്പൂതിരി കുടുംബത്തിൽ നാരായണൻ എന്ന പേരിൽ ഒരു ഉണ്ണി ഉണ്ടായിരുന്നു.

അച്ഛനും അമ്മയും എത്ര പറഞ്ഞിട്ടും നാരായണന് വേദ അധ്യായനത്തിനു ഒട്ടും താല്പര്യം ഇല്ലായിരുന്നു.

ഏതാണ്ട് ഇരുപതു വയസ്സ് നാരായണൻ എന്ന ഉണ്ണി നമ്പൂതിരി യാതൊരു വിദ്യാഭ്യാസവും ഇല്ലാതെ സുഖലോലുപനായി അലസ ജീവിതം നയിച്ചു.

എന്നാൽ പിന്നീട് താൻ ഇങ്ങനെ മാതാപിതാക്കൾക്കു ഒരു ഭാരമായി കഴിഞ്ഞുകൂടാ എന്ന് തീർച്ചപ്പെടുത്തി അവരോടു യാത്ര പറഞ്ഞു അനുഗ്രഹം വാങ്ങി വീട് വിട്ടിറങ്ങി.

അങ്ങനെ യാത്ര തിരിച്ച നാരായണൻ നമ്പൂതിരി,കേശവ പിഷാരടി എന്ന പണ്ഡിതനായ ഒരു ജ്യോത്സ്യനെ പരിചയപ്പെടുകയും അദ്ദേഹത്തിനൊപ്പം കൂടുകയും ചെയ്തു.

ക്രമേണ നാരായണൻ നമ്പൂതിരി കേശവ പിഷാരടിയിൽ നിന്നും സംസ്കൃതവും ശാസ്ത്രങ്ങളും മറ്റും പഠിക്കുകയും അദ്ദേഹത്തിൻ്റെ പ്രശംസക്ക് പാത്രമാവുകയും ചെയ്തു.

നാരായണൻ നമ്പൂതിരിയുടെ പഠന മികവിൽ നിന്ന് അദ്ദേഹം ഒരു സാധാരണ വ്യക്തിയല്ല,സിദ്ധിയുള്ള ഒരു മഹാനാണെന്നു കേശവ പിഷാരടിക്കു മനസിലായി.

സന്തുഷ്ടനായ കേശവ പിഷാരടി തൻ്റെ മകളെ നാരായണൻ നമ്പൂതിരിക്ക് വിവാഹം കഴിച്ചു നൽകുകയും ചെയ്തു.

ഇങ്ങനെയിരിക്കെ കേശവ പിഷാരടിക്കു കഠിനമായ രോഗം വരികയും അദ്ദേഹം കിടപ്പിലാവുകയും ചെയ്തു.

ശിഷ്യനായ നാരായണൻ നമ്പൂതിരി തന്‍റെ പ്രാർത്ഥനയിലൂടെ ഗുരുവിന്‍റെ രോഗത്തെ തന്നിലേക്ക് ആവാഹിക്കുകയും കേശവ പിഷാരടി സുഖം പ്രാപിക്കുകയും ചെയ്തു.

എന്നാൽ കലശലായ വാതരോഗം ബാധിച്ചു നാരായണൻ നമ്പൂതിരി അവശനായി തീര്‍ന്നു. 

തൻ്റെ രോഗ ശമനത്തിനായി അദ്ദേഹം ഗുരുവായൂരിൽ പോയി ഭജനമിരിക്കാൻ യാത്രയായി.

കൂടെ സഹായത്തിനു രാമൻ എന്ന ഒരു വാല്യക്കാരനെയും കൂട്ടി.

ഗുരുവായൂർ എത്തിയാൽ അവിടെ തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ എന്ന മഹാ പണ്ഡിതൻ ഭജനം ഇരിക്കുന്നുണ്ടെന്നു എന്നും അദ്ദേഹത്തെ കണ്ടാൽ വേണ്ട ഉപദേശം ലഭിക്കും എന്നും നാരായണൻ നമ്പൂതിരിക്ക് വിവരം ലഭിച്ചിരുന്നു.

നാരായണൻ നമ്പൂതിരി വാല്യക്കാരൻ രാമനോടൊപ്പം ഗുരുവായൂർ എത്തുമ്പോൾ തന്‍റെ വാതരോഗത്താൽ തീരെ അവശനായിരുന്നു.

അദ്ദേഹം ഒരു സ്ഥലത്തു ഇരുന്നിട്ട് രാമനെ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്‍റെ അടുത്തേക്ക് പറഞ്ഞയച്ചു.

രാമൻ,തുഞ്ചത്ത് എഴുത്തച്ഛനെ കണ്ടു നാരായണൻ നമ്പൂതിരി വന്നിരിക്കുന്ന കാര്യം ഉണർത്തിച്ചു അദ്ദേഹത്തെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു.

തുഞ്ചത്ത് എഴുത്തച്ഛനാവട്ടെ തലേന്ന് രാത്രി തന്നെ സ്വപ്നത്തിൽ ഭഗവാന് ഏറ്റവും പ്രിയപ്പെട്ട ഒരു നമ്പൂതിരി വരുന്നുണ്ട് എന്നും അദ്ദേഹത്തിന് ഉചിതമായ ഉപദേശം നൽകി സഹായിക്കണമെന്നും വെളിപാട് ഉണ്ടായി.

തുഞ്ചത്ത് എഴുത്തച്ഛൻ രാമനോട് ഈവിധം പറഞ്ഞുഃ നമ്പൂതിരിയോട് നാളെ മുതൽ മത്സ്യം തൊട്ടു കൂട്ടാൻ പറയുക.

എന്നാൽ അദ്ദേഹത്തിന്റെ സകല രോഗങ്ങളും മാറും.

തിരിച്ചു നമ്പൂതിരിയുടെ അടുത്ത് വന്ന രാമൻ,സാത്വികനും സസ്യഭുക്കുമായ നമ്പൂതിരിയോട് എങ്ങനെ മത്സ്യം തൊട്ടു കൂട്ടാൻ പറയും എന്ന് ചിന്താകുഴപ്പത്തിലായി.

എങ്കിലും നമ്പൂതിരി നിർബന്ധിച്ചപ്പോൾ മടിച്ചു മടിച്ചു കാര്യം പറഞ്ഞു.

നാരായണൻ നമ്പൂതിരിക്ക് ഉടൻ കാര്യം മനസിലായി. മത്സ്യം തൊട്ടു കൂട്ടാൻ തുഞ്ചത്ത് എഴുത്തച്ഛൻ പറഞ്ഞത് മത്സ്യാവതാരം മുതൽ ഭഗവാന്‍റെ കഥ എഴുതി തുടങ്ങാൻ ഉദ്ദേശിച്ചാണ്.

സാക്ഷാൽ ഭഗവാൻ ഗുരുവായൂരപ്പനെ ധ്യാനിച്ചുകൊണ്ട് നാരായണൻ നമ്പൂതിരി മത്സ്യാവതാരം മുതൽ ഭഗവാന്‍റെ കഥ എഴുതി തുടങ്ങി.

പിൽക്കാലത്തു മേല്പത്തൂര്‍ നാരായണൻ നമ്പൂതിരി എന്ന പേരിൽ പ്രശസ്തനായ നാരായണൻ നമ്പൂതിരിയുടെ ഭക്തകാവ്യം 'നാരായണീയം ' അങ്ങനെ ഗുരൂവായൂർ തിരുനടയിൽ സൃഷ്ടികൊണ്ടു .

സാന്ദ്രാനന്ദാവബോധാത്മകമനുപമിദം കാലദേശാവധിഭ്യാം

നിർമ്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിർഭാസ്യമാനം

അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാർഥാത്മകം ബ്രഹ്മതത്വം

തത്താവത് ഭാതി സാക്ഷാൽ ഗുരുപവനപുരേ, ഹന്ത! ഭാഗ്യം ജനാനാം.

 

Copyright © 2023 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize