ത്രിപുരസുന്ദരി

ത്രിപുരസുന്ദരി

ഭണ്ഡാസുരനെ ഉന്മൂലനം ചെയ്യാനാണ് ദേവി ത്രിപുരസുന്ദരി അവതരിച്ചത്. ദേവി ലളിതയെന്നും, ഷോഡശിയെന്നും, രാജരാജേശ്വരിയെന്നും പല പേരുകളിൽ അറിയപ്പെടുന്നു. ദശ മഹാവിദ്യകളിൽ ഒന്നാണ് ദേവി മഹാത്രിപുരസുന്ദരി. ത്രിപുരങ്ങളിലും (സ്വർഗ്ഗം, ഭൂമി, പാതാളം) സൗന്ദര്യത്തിൽ ദേവിയെ വെല്ലാൻ ആരും തന്നെയില്ലാത്തതിനാലാണ് ത്രിപുരസുന്ദരിയെന്ന് വിളിക്കുന്നത്. ശങ്കരാചാര്യർ രചിച്ച സൗന്ദര്യലഹരി ത്രിപുരസുന്ദരിയുടെ സൗന്ദര്യ വർണ്ണനമാണ്. പാർവ്വതി ദേവി തന്നെയാണ് ത്രിപുരസുന്ദരി.

പരമശിവൻ കാമദേവനെ ചുട്ട് ചാരമാക്കിയ കഥയറിയാമല്ലോ? ആ ചാരത്തിൽനിന്നും ഭണ്ഡാസുരൻ എന്നൊരു അസുരൻ ഉടലെടുത്തു. മൂന്ന് ലോകങ്ങൾക്കും ഭീഷണിയായി മാറി ഭണ്ഡാസുരൻ. ഭണ്ഡാസുരനാൽ സ്വർഗ്ഗത്തിൽനിന്നും നിഷ്കാസിതരായ ദേവന്മാർ ദേവിയുടെ സഹായം അഭ്യർത്ഥിച്ച് ഒരു മഹായാഗം നടത്തി. ആ യാഗകുണ്ഡത്തിൽനിന്നുമാണ് പതിനാറ് വയസുള്ള (ഷോഡശി) ഒരു കന്യകയായി ത്രിപുരസുന്ദരി അവതരിച്ചത്. പിന്നീട് ദേവന്മാർ ചേർന്ന് കാമേശ്വരനുമായി (ശിവൻ) ദേവിയുടെ വിവാഹം നടത്തി. ബാലാദേവിയാണ് അവരുടെ മകൾ

ബ്രഹ്മപ്രേതം, വിഷ്ണുപ്രേതം, രുദ്രപ്രേതം, ഈശാനപ്രേതം എന്നീ നാലും കാലുകളായുള്ള ഒരു മഞ്ചം. അതിൽ സദാശിവപ്രേതത്തിനുമേൽ ദേവി ഇരിക്കുന്നു. ദേവി ഇല്ലെങ്കിൽ ഇവരെല്ലാം തന്നെ മൃതശരീരങ്ങൾക്ക് തുല്യമാണെന്ന് ഇത് കാണിക്കുന്നു. ദേവിയാണ് ഇവരെയൊക്കെ നിയന്ത്രിക്കുന്നതെന്നും ഇത് കാണിക്കുന്നു.

അരുണവർണ്ണം, മൂന്ന് കണ്ണുകൾ, നെറ്റിയിൽ ചന്ദ്രക്കല, മന്ദഹാസം, കൈകളിൽ അങ്കുശം, പാശം, കരിമ്പ് കൊണ്ടുള്ള വില്ല്, അമ്പുകൾ - ഇതാണ് ദേവിയുടെ സ്വരൂപം.

അങ്കുശം - എല്ലാറ്റിനും എല്ലാരുടെയും മേലുള്ള നിയന്ത്രണത്തെ കാണിക്കുന്നു.

പാശം - ദുഷ്ടശക്തികളെ ബന്ധിക്കാനായുള്ളത്.

വില്ലും അമ്പുകളും കാമദേവന്‍റേതാണ് - പല തലങ്ങളിൽ ഉള്ള സ്വാധീനത്തെ കാണിക്കുന്നു.

ത്രിപുരസുന്ദരിയുടെ ആരാധനയാണ് ശ്രീചക്രപൂജ. 

ത്രിപുരയിലെ ഉദയ്‌പൂരിലുള്ള ത്രിപുരസുന്ദരി ക്ഷേത്രം, കാഞ്ചി കാമാക്ഷി ക്ഷേത്രം എന്നിവ പ്രസിദ്ധങ്ങളാണ്.

നവരാത്രിയിലെ ലളിതാ പഞ്ചമിയും മാഘപൂർണ്ണിമയും ദേവിയുടെ ആവിർഭാവദിനമായി കൊണ്ടാടപ്പെടുന്നു.

ത്രിപുരസുന്ദരിയുടെ ആയിരം പേരുകളാണ് ലളിതാ സഹസ്രനാമം. പഞ്ചദശിയും ഷോഡശിയുമാണ് ദേവിയുടെ പ്രധാന മന്ത്രങ്ങൾ.

മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

0

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies