
ദശമഹാവിദ്യകളിൽ രണ്ടാമത്തേതാണ് താരാദേവി. ഉഗ്രസ്വരൂപിണിയാണെങ്കിലും മാതൃവാൽസല്യത്തിന് പേര് കേട്ടവളാണ് താര. ദുഷ്ടശക്തികളെ നിഗ്രഹിച്ച് ദേവി ഭക്തരെ അമ്മയെപ്പോലെ കാത്ത് രക്ഷിക്കുന്നു. താരയെന്നാൽ 'തരണം' ചെയ്യിക്കുന്നവൾ - സംസാര സാഗരത്തെ മറികടത്തുന്നവൾ. നാവികർക്ക് നക്ഷത്രം (താരം) വഴികാട്ടുന്നത് പോലെ അമ്മയും തന്‍റെ ഭക്തർക്ക് വഴികാട്ടുന്നു.
സമുദ്ര മഥനത്തിന്‍റെ വേളയിൽ ഉണ്ടായ ഘോരവിഷം മഹാദേവൻ പ്രപഞ്ചരക്ഷക്കായി തന്‍റെ കൈക്കുടന്നയിലാക്കി കുടിച്ചു. പാർവ്വതിദേവി വിഷത്തെ കണ്ഠത്തിൽ തടുത്തുനിർത്തിയെങ്കിലും അതിനകം വിഷം ശരീരത്തിൽ വ്യാപിച്ചിരുന്നു. അപ്പോൾ ദേവി താരയുടെ രൂപം സ്വീകരിച്ച് ഭഗവാനെ ശിശുരൂപത്തിലാക്കി മാറ്റി മടിയിലെടുത്ത് മുലയൂട്ടി. മുലപ്പാൽ വിഷത്തെ നിർവീര്യമാക്കി. വേദം പറയുന്നുണ്ട് - ദശാസ്യാം പുത്രാനാധേഹി പതിമേകാദശം കൃധി - വർഷങ്ങളുടെ ദാമ്പത്യത്തിന് ശേഷം ഭാര്യയ്ക്ക് ഭർത്താവിനോട് പുത്രതുല്യമായ വാൽസല്യം ഉണ്ടാകുമെന്ന്.
ദക്ഷയാഗത്തിന്‍റെ സമയത്ത് ക്രുദ്ധയായ സതീദേവിയുടെ ശരീരത്തിൽനിന്നും ഉത്ഭവിച്ചവരാണ് ദശമഹാവിദ്യകൾ.
ഉഗ്രത്വത്തിൽ താര കാളിക്ക് തുല്യയാണ്. കാളിയുടെ ചിത്രങ്ങളിൽ കാണുന്നതുപോലെ ശിവന്‍റെ മൃതശരീരത്തിനുമേൽ കാൽ ചവിട്ടി നിൽക്കുന്ന രൂപത്തിൽ താരയേയും ചിത്രീകരിക്കാറുണ്ട്. ദേവി (ശക്തി) ഇല്ലെങ്കിൽ ശിവൻ വെറും 'മൃതശരീരം' എന്നാണിത് കാണിക്കുന്നത്.
കാളിയുടെ മുടി അഴിച്ചിട്ടതാണെങ്കിൽ താരയുടേത് ഒന്നായി പിന്നിയിട്ടിരിക്കുന്ന ജട പിടിച്ച രൂപത്തിലാണ്. താരയ്ക്ക് ഏകജടാ എന്നും ഒരു പേരുണ്ട്. കാളിയുടേത് ഉണങ്ങി മെലിഞ്ഞ ശരീരമാണ്. താരയുടെ ഉദരം ഗർഭിണിയുടേത് പോലെയാണ്. ഭക്തരോട് അമ്മയുടെ വാൽസല്യം ഗർഭസ്ഥ ശിശുവിനോട് എന്നതുപോലെയാണ്.
കാളിയുടെ നിറം കറുപ്പാണെങ്കിൽ താരയുടെ നിറം നീലയാണ്. താരയ്ക്ക് 'നീല സരസ്വതി' എന്നുമൊരു പേരുണ്ട്. സർവ്വനാശത്തിന് ഉണ്ടായ വിഷം തന്‍റെ കണ്ഠത്തിലണിഞ്ഞ് ശിവൻ നീലകണ്ഠനായതുപോലെ താരാദേവിയും എല്ലാ തിന്മകളേയും തന്‍റെ ശരീരത്തിലേക്ക് ആഗിരണം ചെയ്ത് പ്രപഞ്ചത്തെ കാത്ത് രക്ഷിക്കുന്നു. ദേവിയുടെ രത്നാഭരണങ്ങളോ വില പിടിച്ച വസ്ത്രങ്ങളോ ഇല്ലാത്ത നഗ്നശരീരം എല്ലാ ആഗ്രഹങ്ങളെയും അതിജീവിക്കുന്നതിനെ സൂചിപ്പിക്കുന്നു. കഴുത്തിലഞ്ഞിരിക്കുന്ന 51 തലയോട്ടികളുള്ള മുണ്ഡമാല സംസ്കൃതത്തിലെ 51 അക്ഷരങ്ങളാണ്. മന്ത്രങ്ങൾക്കും ജ്ഞാനത്തിനും മേൽ ദേവിയുടെ അധികാരത്തിനെയാണ് ഇത് കാണിക്കുന്നത്. രക്തം ഇറ്റിറ്റ് വീഴുന്ന ദേവിയുടെ നാക്ക് ഭക്തരുടെ രക്ഷക്കായി ആസുരശക്തികളെ തുടർച്ചായി ഭക്ഷിച്ചുകൊണ്ടിരിക്കുന്നു എന്നതിനെ കാണിക്കുന്നു.
സംരക്ഷിക്കുന്നതിൽ ഉഗ്രത്വം, മാതൃവാൽസല്യം, ജ്ഞാനം ഇത് മൂന്നും ചേർന്നവളാണ് താരാദേവി.
ശക്‌തി പീഠങ്ങളിലൊന്നായ പശ്ചിമ ബംഗാൾ ബീർഭൂമിലുള്ള താരാപീഠം, ഒഡീഷയിലെ റായ്‌പൂരിലുള്ള താരാ - താരിണി ക്ഷേത്രം, ഗുവഹാട്ടിയിലുള്ള ഉഗ്രതാരാ ക്ഷേത്രം എന്നിവ പ്രധാനപ്പെട്ട താരാ ക്ഷേത്രങ്ങളാണ്.
രാത്രികാലങ്ങളിൽ ശ്മാശങ്ങളിൽ താരയുടെ സാന്നിധ്യമുണ്ടാകും. അതിനാൽ അഘോരികൾ ദേവിയെ രാത്രിയിൽ വാമാചാരത്തിലൂടെ ശ്മശാനങ്ങളിൽ പൂജിക്കുന്നു.
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta