ഗോപികമാരുടെ വസ്ത്രാപഹരണം

ഗോപികമാരുടെ വസ്ത്രാപഹരണം

ഹേമന്ത ഋതുവിന്‍റെ ആരംഭത്തിലുള്ള മാർഗശീർഷമാസത്തിൽ ഗോപകന്യകമാർ ശ്രീകൃഷ്ണഭഗവാനെ പതിയായി ലഭിക്കാൻ കാത്യായനി വ്രതം അനുഷ്ഠിച്ചു. പതിനാറായിരം ഋഷിമാരായിരുന്നു ഗോപികമാരായി അവതരിച്ചത്. ഭഗവാനിൽ സായൂജ്യം നേടാനുള്ള അവസരമായിരുന്നു രാസലീലയും മറ്റും അവർക്ക്. ഒരു മാസമായിരുന്നു വ്രതകാലം. സൂര്യോദയത്തിൽ യമുനയിൽ കുളിച്ച്, തീരത്ത്‌ മണ്ണുകൊണ്ട് കാത്യായനി ദേവിയുടെ പ്രതിമയുണ്ടാക്കി അവർ പൂജിക്കും. എന്നിട്ട് മന്ത്രം ജപിക്കും, 'കാത്യായനി മഹാഭാഗേ മഹായോഗിന്യധീശ്വരി. നന്ദഗോപസുതം ദേവി പതിം മേ  കുരു തേ നമഃ - നന്ദഗോപസുതനെ എനിക്ക് പതിയായി ലഭിക്കണേ.'

ഋഷിമാരാണ്, മന്ത്രങ്ങളിലൂടെ ഇശ്വരസാക്ഷാത്‍കാരം നേടുന്നത് അവർക്ക് പുതുതൊന്നുമല്ലാ. കാത്യായനി (ഭദ്രകാളി) എന്നത് ഭഗവാന്‍റെ തന്നെ താമസിക ശക്തിയാണ്. 

ദിവസം മുഴുവൻ ഭഗവാന്‍റെ ലീലകൾ പ്രകീർത്തിച്ച് പാടി ഒരു മാസം പിന്നിട്ടു. അങ്ങനെ അവരുടെ മനസ്സെല്ലാം കണ്ണന്‍റെ രൂപം കൊണ്ട് നിറഞ്ഞു. വ്രതസമാപനത്തിന് മുൻപായി ഭഗവാൻ അവരുടെ വ്രതത്തിൽ ചില ന്യുനതകളുണ്ടെന്ന് മനസ്സിലാക്കി അവരുടെ മുമ്പിലെത്തി. തങ്ങളുടെ വസ്ത്രങ്ങൾ നദീതീരത്ത് അഴിച്ചുവെച്ച് ഗോപകന്യകമാർ നദിയിൽ നഗ്നരായി കുളിക്കുകയായിരുന്നു. ഭഗവാൻ ആ വസ്ത്രമെല്ലാം വാരിയെടുത്തു ഒരു കദംബ വൃക്ഷത്തിന് മുകളിലേക്ക് കയറി. എന്നിട്ട് പൊട്ടിചിരിച്ചുകൊണ്ട് പറഞ്ഞു, 'ഓരോരുത്തരായി വന്ന് വസ്ത്രം വാങ്ങിക്കൊള്ളൂ.'

കഴുത്തറ്റം വെള്ളത്തിൽ തങ്ങളുടെ നഗ്നത മറച്ച് ഗോപികമാർ പറഞ്ഞു, 'വേഗം ഞങ്ങളുടെ വസ്ത്രങ്ങൾ തിരിച്ചുതരൂ. കുസൃതി മതിയാക്കൂ. ഇതൊക്കെ തെറ്റാണെന്ന് കണ്ണനറിയില്ലേ? ഇല്ലെങ്കിൽ ഞങ്ങൾ രാജാവിനോട് പരാതി പറയും.'

ഭഗവാൻ പറഞ്ഞു, 'വെള്ളത്തിലിറങ്ങി നഗ്നരായി സ്നാനം ചെയ്തത് വലിയ തെറ്റാണ്. ഇത് മൂലം നിങ്ങളനുഷ്ഠിച്ച വ്രതത്തിന്‍റെ പുണ്യമെല്ലാം നഷ്ടമാകാൻ പോകുന്നു.'

അപ്സ്വഗ്നിർദേവതാശ്ച തിഷ്ഠന്ത്യതോ നാപ്സു മൂത്രപുരീഷം കുര്യാന്ന നിഷ്ഠീവൻ ന വിവസനഃ സ്നായാത് - ജലത്തിൽ അഗ്നി മുതലായ ദേവതകളുടെ സാന്നിദ്ധ്യമുണ്ട്. അതുകൊണ്ട് ജലത്തിൽ മലമൂത്രവിസർജ്ജനം ചെയ്യുകയോ, തുപ്പുകയോ, നഗ്നശരീരത്തോടെ കുളിക്കുകയോ ചെയ്യരുത് - ഇതാണ് വേദപ്രമാണം.

ഈ കുറ്റമകറ്റി അവർക്ക് വ്രതത്തിന്‍റെ സൽഫലം നൽകാനാണ് ഭഗവാൻ വന്നിരിക്കുന്നത്. എന്നിട്ട് ഭഗവാൻ വൃക്ഷശാഖയിൽ വസ്ത്രങ്ങൾ വെച്ചിട്ട് ഓരോരുത്തരായി വന്നെടുത്തോളാൻ പറഞ്ഞു. ഗോപകന്യകമാർ ഓരോരുത്തരായി നഗ്നരായിത്തന്നെ പുറത്തുവന്ന് ഭഗവാനെ നമസ്കരിച്ച് തങ്ങളുടെ വസ്ത്രങ്ങൾ എടുത്തു. ഭഗവാനെ നമസ്കരിച്ചതിലൂടെ അവരുടെ വ്രതഭംഗദോഷം പരിഹരിക്കപ്പെട്ടു.

എന്തിനാണ് ഭഗവാൻ ഇങ്ങനെ ഒരു ലീല ചെയ്തത്? 

ഗോപികമാർ ഋഷിമാരാണെന്ന് കണ്ടുവല്ലോ? എന്തായിരുന്നു അവരുടെ ലക്ഷ്യം?

ഭഗവാനിൽ ലയിച്ച് ചേരണമെന്നത്.

എന്തിനാണ് വസ്ത്രം ധരിക്കുന്നത്?

നാണം മറയ്ക്കാൻ, അന്യരിൽനിന്നും നാണം മറയ്ക്കാൻ.

ഭഗവാനെ അന്യനായി കരുതിയാൽ എങ്ങനെയാണ് ഭഗവാനിൽ ലയിച്ചുചേരാനാകുന്നത്?

ഈ നാണത്തെ ഇല്ലാതാക്കുകയാണ് ഭഗവാൻ ചെയ്തത്.

ഇതാണ് വസ്ത്രാപഹരണ ലീലയുടെ പിന്നിലെ രഹസ്യം.

മലയാളം

മലയാളം

ഭാഗവതം

Click on any topic to open

Copyright © 2025 | Vedadhara test | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...

We use cookies