
ചരണാദ്രി കടന്നീടത്ത് കാത്യായനി എന്നൊരു പെൺകുട്ടിയുണ്ടായിരുന്നു. നല്ല പാണ്ഡിത്യം. അമ്മയുടെ ഗർഭത്തിലുള്ളപ്പോൾ തന്നെ ശ്രീവിദ്യാ മന്ത്രത്തിൻ്റെ ഉപദേശം ലഭിച്ചു. അതിൻ്റെ ശക്തി കൊണ്ട് ചെറിയ പ്രായത്തിൽ തന്നെ വേദങ്ങളും ശാസ്ത്രങ്ങളും ഒക്കെ അഭ്യസിച്ചു. വിവാഹപ്രായമെത്തിയപ്പോൾ കാത്യായനി തൻ്റെ അച്ഛനോട് പറഞ്ഞു:
"ജ്ഞാനത്തിൽ എന്നെ ആരു വെല്ലുന്നുവോ, അങ്ങനെയുള്ള ഒരാളെ ഞാൻ വിവാഹം കഴിക്കും."
വലിയ സുന്ദരിയായിരുന്നു കാത്യായനി. പലരും വന്നു വിവാഹാലോചനയുമായി. കാത്യായനിയുമായി വാദപ്രതിവാദത്തിൽ ഏർപ്പെട്ടു. ആർക്കും ജയിക്കാനായില്ല. ഒരു നിബന്ധനയുണ്ടായിരുന്നു, പരാജയപ്പെട്ടാൽ തലപ്പാവൂരി വെച്ചിട്ട് പോകണം. അങ്ങനെ കാത്യായനിയുടെ വീട് പരാജയപ്പെട്ടവരുടെ തലപ്പാവുകൾ കൊണ്ട് നിറയാൻ തുടങ്ങി.
ഒടുവിൽ പരാജയഭീതി കൊണ്ട് ആരും വരാതെയായി. കാത്യായനിയുടെ അച്ഛന് വലിയ ഉൾക്കണ്ഠയായി തുടങ്ങി. മകൾക്ക് പ്രായമേറിക്കൊണ്ടിരിക്കുന്നു. ഇതൊക്കെ വിട്ട് സാധാരണ രീതിയിൽ കല്യാണം ആലോചിക്കാൻ തുടങ്ങണം. കാത്യായനി പറഞ്ഞു:
"വേണ്ട, ഞാൻ കല്യാണം കഴിക്കാതെ തന്നെ ഇരുന്നുകൊള്ളാം. കല്യാണം കഴിക്കുന്നു എങ്കിൽ എന്നേക്കാൾ കൂടുതൽ ജ്ഞാനമുള്ള ഒരാളെ മാത്രം."
ഒരിക്കൽ ബൊപ്പദേവൻ എന്നൊരു മഹാപുരുഷൻ കാത്യായനിയുടെ വീട്ടിൽ വരാനിടയായി. കാത്യായനിയുടെ അച്ഛൻ്റെ മുഖത്തെ ദുഃഖം കണ്ട് അദ്ദേഹം ചോദിച്ചു എന്താ കാര്യം. അദ്ദേഹം മകളെ വിളിച്ചു. ഇവൾ വിവാഹം കഴിക്കാൻ തയ്യാറല്ല. ഇവളേക്കാൾ ജ്ഞാനമുള്ള ഒരാളെ കണ്ടെത്തിയാൽ മാത്രമേ വിവാഹം കഴിക്കൂ.
കാത്യായനിയെ കണ്ടതും ബൊപ്പദേവൻ്റെ മനസ്സിൽ കാത്യായനിയുടെ പൂർവ്വചരിത്രം തെളിഞ്ഞു വന്നു. അദ്ദേഹം പറഞ്ഞു:
"വേണ്ട, നിർബന്ധിക്കേണ്ട. എനിക്കിപ്പോൾ ഒരിടം വരെ പോകാനുണ്ട്. തിരിച്ചുവരുമ്പോൾ ഞാൻ തന്നെ ഇവളുമായി വാഗ്വാദത്തിൽ ഏർപ്പെടാം. വിവാഹം കഴിക്കാനല്ല, നോക്കട്ടെ ഇവൾക്ക് എത്രമാത്രം ജ്ഞാനമുണ്ടെന്ന്."
ബൊപ്പദേവൻ കാത്യായനിയുടെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു, വല്ലാതെ ആകർഷിച്ചു. അദ്ദേഹത്തോട് വല്ലാത്തൊരു മമത. ഒരു നല്ല ചിത്രകാരിയായിരുന്നു കാത്യായനി. അദ്ദേഹത്തിൻ്റെ ഒരു ചിത്രം വരച്ച് ദിവസവും അതിനെ പൂജിക്കാൻ തുടങ്ങി, ഈശ്വരനെപ്പോലെ. കുറച്ചു നാളുകൾക്കുശേഷം ബൊപ്പദേവൻ തിരിച്ചുവന്നു. കാത്യായനിയുമായി വാദപ്രതിവാദത്തിൽ ഏർപ്പെട്ടു. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കൊടുത്തു.
ഒടുവിൽ കാത്യായനി പറഞ്ഞു:
"എനിക്ക് ഇനിയുള്ള കാലം അങ്ങയുടെ കൂടെ ചെലവഴിക്കണം."
ബൊപ്പദേവൻ പറഞ്ഞു:
"ഞാനൊരു ബ്രഹ്മചാരിയാണ്. എൻ്റെ ജീവിതം ഭഗവാൻ ശ്രീകൃഷ്ണൻ്റെ കാല്തളിരിണകളിൽ ഒഴിഞ്ഞുവെക്കപ്പെട്ടിരിക്കുകയാണ്. എനിക്ക് നിന്നെ വിവാഹം കഴിക്കാനാവില്ല. നിൻ്റെ അച്ഛൻ നിനക്കായി ഒരു നല്ല വരനെ കണ്ടെത്തും, അയാളെ വിവാഹം കഴിക്കൂ."
കാത്യായനി പറഞ്ഞു:
"വിവാഹം എന്ന് ഞാൻ ചിന്തിച്ചതേയില്ല. അങ്ങയിൽ നിന്നും ഇത്രയും മനസ്സിലാക്കിയതിനുശേഷം ആരെങ്കിലും വിവാഹത്തെപ്പറ്റി ചിന്തിക്കുമോ? എനിക്ക് ദയവായി അങ്ങ് പറഞ്ഞ ആ ശ്രീകൃഷ്ണനെ കാണിച്ചുതരൂ. ആരാണ് അദ്ദേഹം?"
ബൊപ്പദേവൻ പറഞ്ഞു:
"നീ ആരാണെന്ന് നിനക്കറിയാമോ? ഭഗവാൻ്റെ പരമഭക്തൻ അംബരീഷനെ കൊല്ലാൻ ദുർവാസാവും മഹർഷി ഒരു ദുർദേവതയെ സൃഷ്ടിച്ചു. അവളുടെ പുനർജന്മമാണ് നീ. ഭഗവാൻ്റെ ഒരു ഭക്തനെ ദ്രോഹിച്ചതിനാലാണ് നിനക്ക് ഭൂമിയിൽ ജന്മമെടുക്കേണ്ടി വന്നത്."
കാത്യായനി പൊട്ടിക്കരഞ്ഞുകൊണ്ട് ബൊപ്പദേവൻ്റെ കാൽക്കൽ വീണു. പെട്ടെന്ന് എവിടെനിന്നോ ഒരു അർദ്ധചന്ദ്രബിംബം ദൃശ്യമായി. അതിനുള്ളിൽ ഭഗവാൻ ശ്രീകൃഷ്ണൻ്റെ മനോഹരമായ രൂപം. ആ രൂപം കാത്യായനിയുടെ കൺകളിലൂടെ പ്രവേശിച്ച് ഹൃദയത്തിൽ ചെന്നു ചേർന്നു. കാത്യായനി തൻ്റെ കൺപോളകൾ ഇറുക്കിയടച്ചു. എങ്ങാനും ഈ രൂപം തിരിച്ച് കൺകളിലൂടെ പുറത്തിറങ്ങിപ്പോയാലോ!
അങ്ങനെ ഭഗവാൻ കാത്യായനിയുടെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠനായി. 24 മണിക്കൂറും കാത്യായനി ഭഗവാനെ തൻ്റെ ഹൃദയത്തിൽ പൂജിക്കാൻ തുടങ്ങി. പ്രേമഭക്തിയുടെ എല്ലാ ലക്ഷണങ്ങളും കാത്യായനിയിൽ കണ്ടുതുടങ്ങി. കാത്യായനി വൃന്ദാവനത്തിലേക്ക് പോയി ഒരിക്കൽ. വൃന്ദാവനത്തിലെത്തിയതും ഭഗവാൻ കാത്യായനിയുടെ ഹൃദയത്തിൽ നിന്നും അദൃശ്യനായി. വിരഹദുഃഖം കൊണ്ട് കാത്യായനി വലയാൻ തുടങ്ങി.
യമുനാതീരത്തിരുന്ന് കണ്ണീരൊഴുക്കിക്കൊണ്ടിരുന്നപ്പോൾ പുറകിൽ നിന്നൊരു ശബ്ദം. തിരിഞ്ഞുനോക്കിയപ്പോൾ ബൊപ്പദേവൻ.
"എങ്ങനെയെങ്കിലും എന്നെ സഹായിക്കണം. എൻ്റെ കണ്ണൻ എന്നെ വിട്ടുപോയി. എന്നെ എങ്ങനെയെങ്കിലും എൻ്റെ കണ്ണൻ്റെ പക്കൽ കൊണ്ടു ചെന്നു ചേർക്കണം."
ബൊപ്പദേവൻ പറഞ്ഞു:
"നിനക്ക് അന്ന് കിട്ടിയത് പ്രേമഭക്തിയുടെ ദീക്ഷയായിരുന്നു. ഇപ്പോൾ നിൻ്റെ വിരഹദുഃഖം ശമിപ്പിക്കാൻ താരക മന്ത്രത്തിന് സാധിക്കും."
രാമമന്ത്രമാണ് താരക മന്ത്രം. കാത്യായനിക്ക് താരക മന്ത്രം ഉപദേശിച്ചു ബൊപ്പദേവൻ. ഉപദേശം കിട്ടിയ ഉടൻ തന്നെ ഹൃദയം മാത്രമല്ല കാത്യായനിയുടെ എല്ലാ ചക്രങ്ങളിലും ഭഗവാൻ വീണ്ടും വന്നു നിറഞ്ഞു. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധം, ആജ്ഞാ, സഹസ്രാരം എല്ലാ ചക്രങ്ങളിലും ഭഗവാൻ വന്നു നിറഞ്ഞു.
ആനന്ദസാഗരത്തിൽ ആരാടി കാത്യായനി. വൃന്ദാവനത്തിൻ്റെ വീഥികളിലൂടെ ഭഗവാൻ്റെ മഹിമയെപ്പറ്റി പാടി നടക്കും കാത്യായനി. കാത്യായനിയുടെ ശബ്ദത്തിലുള്ള ഭാവവും പ്രേമവും അനുപമമായിരുന്നു. പ്രേമഭക്തിയുടെ സാക്ഷാത്കാരമായിരുന്നു കാത്യായനി, ഗോപികമാരെപ്പോലെ. ഒടുവിൽ കാത്യായനി ഭഗവാനിൽ തന്നെ പോയി ലയിച്ചു ചേർന്നു.
ഹരിഃ ഓം.
Astrology
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Garuda Puranam
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rigveda Explained
Rituals
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta