അഭിമന്യു

Abhimanyu

മഹാഭാരതത്തിലെ ഏറ്റവും പ്രമുഖരായ വീരനായകന്മാരില്‍ ഒരാളാണ് അര്‍ജുനന്‍റേയും സുഭദ്രയുടേയും പുത്രനായ അഭിമന്യു. 

 

Click below to watch video - ചക്രവ്യൂഹം അത്ര നിസ്സാര വ്യൂഹമല്ല 

 

ചക്രവ്യൂഹം അത്ര നിസ്സാര വ്യൂഹമല്ല

 

അഭിമന്യുവിന്‍റെ ജനനം 

പാണ്ഡവര്‍ക്ക് പകുതി രാജ്യം ലഭിച്ച് അവര്‍ ഇന്ദ്രപ്രസ്ഥത്തില്‍ താമസമുറപ്പിച്ച സമയം. 

അര്‍ജുനന്‍ ഒരു തീര്‍ത്ഥാടനത്തിനായി പുറപ്പെട്ടു. സോമനാഥില്‍ വെച്ച് അര്‍ജുനന്‍ സുഹൃത്തായ കൃഷ്ണനെ കണ്ടുമുട്ടി. 

കൃഷ്ണന്‍ അര്‍ജുനനെ ദ്വാരകയിലേക്ക് കൂട്ടിക്കൊണ്ടു പോയി.

ദ്വാരകാവാസികളുടെ സല്‍ക്കാരവും ആതിഥ്യമര്യാദയും ഏറ്റുവാങ്ങി കഴിയുമ്പോള്‍ അര്‍ജുനന്‍ കൃഷ്ണന്‍റെ സഹോദരി സുഭദ്രയെക്കണ്ട് ആകൃഷ്ടനായി. 

കൃഷ്ണനോട് സുഭദ്രയെ തനിക്ക് വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.

അക്കാലത്ത്, ക്ഷത്രിയന്മാരുടെ ഇടയില്‍ വിവാഹത്തിന് സ്വയംവരമായിരുന്നു വളരെയധികം പ്രചാരത്തിലുണ്ടായിരുന്നത്. 

എന്നാല്‍  സ്വയംവരസമയത്ത് സുഭദ്ര അര്‍ജുനനെ തിരഞ്ഞെടുത്തില്ലെങ്കിലോ എന്ന് കൃഷ്ണന്‍ ആശങ്കപ്പെട്ടു.

ക്ഷത്രിയന്മാര്‍ക്ക് വധുവിനെ ബലമായി അപഹരിച്ച് വിവാഹം ചെയ്യുന്നതും ധര്‍മ്മശാസ്ത്രം അനുവദിക്കുന്നുണ്ട്. 

ഇതു പ്രകാരം സുഭദ്രയെ അപഹരിച്ച് ഇന്ദ്രപ്രസ്ഥത്തിലേക്ക് കൊണ്ടുപൊയ്ക്കൊള്ളാന്‍ കൃഷ്ണന്‍ അര്‍ജുനനോട് പറഞ്ഞു. 

ദ്വാരകക്ക് സമീപമുള്ള രൈവതകപര്‍വതത്തില്‍ സുഭദ്ര പൂജ ചെയ്യാന്‍ പോയ സമയം അര്‍ജുനന്‍ സുഭദ്രയെ തന്‍റെ തേരിലേറ്റി ഇന്ദ്രപ്രസ്ഥത്തിലേക്ക് കൊണ്ടുപോയി. 

സുഭദ്രയും കണ്ടയുടന്‍ അര്‍ജുനനില്‍ അനുരക്തയായി.

വിവരമറിഞ്ഞ് രോഷാകുലരായ യാദവന്മാരെ കൃഷ്ണന്‍ പറഞ്ഞ് സമാധാനിപ്പിച്ചു. 

സുഭദ്രക്ക് യോഗ്യനായ വരനെത്തന്നെയാണ് കിട്ടിയിരിക്കുന്നത് എന്ന് എല്ലാവരും സമ്മതിച്ചു.

ഇന്ദ്രപ്രസ്ഥത്തിലെത്തിയ സുഭദ്ര അവിടെ വെച്ച് അഭിമന്യുവിന് ജന്മം നല്‍കി.ബാല്യകാലം 

ചെറുപ്രായത്തില്‍ തന്നെ അഭിമന്യു വേദങ്ങളെല്ലാം പഠിച്ചു.

അച്ഛനില്‍നിന്നും ധനുര്‍വേദത്തിന്‍റെ നാല് പാദങ്ങളും പഠിച്ചു. നാല് വിധം അസ്ത്രപ്രയോഗങ്ങളാണ് ഈ നാല് പാദങ്ങള്‍.

 

മന്ത്രമുക്തം പാണിമുക്തം മുക്താമുക്തം തഥൈവ ച

അമുക്തം ച ധനുർവേദേ ചതുഷ്പാച്ഛസ്ത്രമീരിതം

 

 1. മന്ത്രമുക്തം- മന്ത്രം ചൊല്ലി അസ്ത്രം വിടുന്നത്.
 2. മുക്താമുക്തം - മന്ത്രം ചൊല്ലി അസ്ത്രം വിടുന്നതും തിരിച്ചെടുക്കുന്നതും.
 3. അമുക്തം - അസ്ത്രം വിടാതെ തന്നെ അവയുടെ സാന്നിദ്ധ്യം കൊണ്ടു മാത്രം ശത്രുക്കളെ ഭയഭീതരാക്കി തുരത്തുന്നത്.
 4. പാണിമുക്തം - സാധാരണ രീതിയില്‍ വില്ലുപയോഗിച്ച് അമ്പെയ്യുന്നത്

 

അതിനുശേഷം അഭിമന്യു ധനുര്‍വേദത്തിന്‍റെ പത്ത് അംഗങ്ങളും അഭ്യസിച്ചു.

 

ആദാനമഥ സന്ധാനം മോക്ഷണം വിനിവർതനം

സ്ഥാനം മുഷ്ടിഃ പ്രയോഗശ്ച പ്രായശ്ചിത്താനി മണ്ഡലം

രഹസ്യം ചേതി ദശധാ ധനുർവേദാംഗമിഷ്യതേ

 

 1. ആദാനം - ആവനാഴിയില്‍നിന്ന് അമ്പെടുക്കുന്നത്
 2. സന്ധാനം - വില്ല് കുലച്ച് അതില്‍ അമ്പ് വെക്കുന്നത്.
 3. മോക്ഷണം - ലക്ഷ്യത്തിലേക്ക് അമ്പയക്കുന്നത്.
 4. വിനിവര്‍ത്തനം - അമ്പ് എയ്തതിനു ശേഷം എതിരാളി ദുര്‍ബലനാണെന്ന് മനസിലായാല്‍ അമ്പിനെ തിരിച്ച് വിളിക്കുന്നത്.
 5. സ്ഥാനം - ഞാണിന്‍റേയും വില്ലിന്‍റേയും കൃത്യം മധ്യഭാഗം കണ്ടുപിടിക്കുന്നത്.
 6. മുഷ്ടി - അമ്പ് തൊടുക്കാന്‍ ഉപയോഗിക്കാത്ത് മൂന്ന് വിരലുകള്‍ ചേര്‍ത്ത് പിടിക്കുന്നത്.
 7. പ്രയോഗം - രണ്ട് വിരലുകള്‍ ഉപയോഗിച്ച് അമ്പെയ്യുന്നത്.
 8. പ്രായശ്ചിത്തം - ഞാണിന്‍റെ തിരിച്ചടിയില്‍ നിന്നും തന്നെത്തന്നെ രക്ഷിക്കുന്നത്.
 9. മണ്ഡലം - സ്ഥിരമല്ലാത്ത ലക്ഷ്യത്തിലേക്ക് അമ്പ് തൊടുക്കുന്നത്.
 10. രഹസ്യം - ശബ്ദം മാത്രം കേട്ട് ലക്ഷ്യത്തിലേക്ക് അമ്പ് തൊടുക്കുന്നത്.

 

പിന്നീട് അഭിമന്യു വാള്‍ തുടങ്ങിയ സാധാരണ ആയുധങ്ങളും ദിവ്യാസ്ത്രങ്ങളും ഉപയോഗിക്കാന്‍ പഠിച്ചു. ആയുധനിര്‍മ്മാണത്തിലും അറിവ് നേടി.

ശിക്ഷണത്തിനൊടുവില്‍ അഭിമന്യു തനിക്ക് തുല്യനായിക്കഴിഞ്ഞു എന്ന് അര്‍ജുനന് മനസിലായി.

 

അഭിമന്യുവിന്‍റെ ഗുണങ്ങള്‍ 

 • നീണ്ട കൈകള്‍
 • വിശാലമായ മാറിടം
 • കാളയുടെ പോലുള്ള തോളുകള്‍
 • ഫണം വിരിച്ച സര്‍പ്പത്തിനെപ്പോലെ വിശാലമായ മുഖം
 • സിംഹത്തിനെപ്പോലെ നടത്തം
 • മദയാനയുടെ പരാക്രമം
 • ഇടിമുഴക്കം പോലെയുള്ള ശബ്ദം
 • കൃഷ്ണന്‍റെ സൗന്ദര്യം
 • യുധിഷ്ഠിരന്‍റെ നിശ്ചയദാര്‍ഢ്യം
 • ഭീമന്‍റെ ധൈര്യം
 • അര്‍ജുനന്‍റെ സാമര്‍ഥ്യം
 • നകുലന്‍റേയും സഹദേവന്‍റേയും വിനയം

 

വിവാഹം 

പാണ്ഡവര്‍ അജ്ഞാതവാസം വിരാടരാജാവിന്‍റെ കൊട്ടാരത്തിലാണ് കഴിച്ചുകൂട്ടിയത്. 

അര്‍ജുനന്‍ ഒരു നപുംസകത്തിന്‍റെ വേഷത്തില്‍ രാജകുമാരിയായ ഉത്തരയെ സംഗീതവും നൃത്തവും പഠിപ്പിച്ചിരുന്നു. 

അജ്ഞാതവാസത്തിന് ഒടുവില്‍ പാണ്ഡവര്‍ ആരാണെന്ന് മനസിലായപ്പോള്‍ വിരാടന്‍ അര്‍ജുനനോട് തന്‍റെ പുത്രിയെ പത്നിയായി സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിച്ചു.

 ഗുരുവിന്‍റെ സ്ഥാനം അച്ഛന് തുല്യമാണെന്ന് പറഞ്ഞ് അ‍ര്‍ജുനന്‍ ഉത്തരയെ തന്‍റെ പുത്രവധുവായി സ്വീകരിക്കാന്‍ തയ്യാറായി. 

അങ്ങനെ അഭിമന്യുവിന്‍റേയും ഉത്തരയുടേയും വിവാഹം കൃഷ്ണന്‍റേയും മറ്റ് ബന്ധുജനങ്ങളുടേയും സാന്നിധ്യത്തില്‍ നടന്നു.

ആറ് മാസം മാത്രം നീണ്ടുനിന്ന വിവാഹജീവിതം ആയിരുന്നെങ്കിലും രണ്ടു പേരും പരസ്പരം അങ്ങേയറ്റം സ്നേഹിച്ചിരുന്നു.

അഭിമന്യു മരിക്കുമ്പോള്‍ ഉത്തര ഗര്‍ഭിണിയായിരുന്നു. 

ആ കുഞ്ഞാണ് കുരു വംശത്തിന്‍റെ ഏക അനന്തരാവകാശിയായ പരീക്ഷിത്ത്.

 

കുരുക്ഷേത്രയുദ്ധം 

യുദ്ധാരംഭത്തില്‍ തന്നെ കോസലരാജാവ് ബൃഹദ്ബലനേയും ദുര്യോധനപുത്രന്‍ ലക്ഷ്മണനേയും നേരിടുന്നതായിരിക്കും അഭിമന്യുവിന്‍റെ പ്രധാന ദൗത്യങ്ങള്‍ എന്ന് നിശ്ചയിക്കപ്പെട്ടു.

ഭഗവാന്‍ ശ്രീരാമന്‍റെ പിന്‍തുടര്‍ച്ചക്കാരനായിരുന്നു ബൃഹദ്ബലന്‍. 

ധര്‍മ്മത്തില്‍നിന്നും ഒരിക്കല്‍പ്പോലും വ്യതിചലിക്കാത്ത ശ്രീരാമന്‍റെ വംശക്കാരന്‍ ഇവിടെ കൗരവരുടെ കൂട്ടുകെട്ടില്‍!

 

ഒന്നാം ദിവസം 

ആദ്യ ദിനത്തില്‍ തന്നെ അഭിമന്യു ബൃഹദ്ബലനുമായി ഏറ്റുമുട്ടി. 

ബൃഹദ്ബലന്‍ അഭിമന്യുവിന്‍റെ പതാക അരിഞ്ഞുവീഴ്ത്തി. തിരിച്ചടിച്ച അഭിമന്യു ബൃഹദ്ബലന്‍റെ സാരഥിയേയും കാവല്‍പ്പടയാളികളേയും വധിക്കുകയും അയാളുടെ പതാക വെട്ടിവീഴ്ത്തി ഒന്‍പത് അമ്പുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തു.

കൗരവസേനയെ നയിച്ചുകൊണ്ട് ഭീഷ്മാചാര്യന്‍ സംഹാരതാണ്ഡവം ആടാന്‍ തുടങ്ങി.  

ഭീഷ്മാചാര്യരുടെ രക്ഷാവ്യൂഹം ഭേദിച്ച് അഭിമന്യു അദ്ദേഹത്തെ ആക്രമിച്ചു. 

കൗരവപക്ഷത്തെ മഹാരഥന്മാര്‍ക്ക് അഭിമന്യുവിനെ തടുത്ത് നിര്‍ത്താനായില്ല. 

തന്‍റെ പതാക വെട്ടിവീഴ്ത്തിയ അഭിമന്യുവില്‍നിന്നും ഭീഷ്മാചാര്യന്‍ ഒടുവില്‍ ദിവ്യാസ്ത്രങ്ങള്‍ പ്രയോഗിച്ചാണ് രക്ഷപെട്ടത്.

 

രണ്ടാം ദിവസം 

അഭിമന്യു ലക്ഷ്മണനെ ആക്രമിച്ചു.

രക്ഷ പെടുത്താന്‍ ദുര്യോധനന് ഇടപെടേണ്ടിവന്നു.

 

നാലാം ദിവസം 

അര്‍ജുനന്‍ ഭീഷ്മാചാര്യനെ ആക്രമിച്ചു. 

ദുര്യോധനന്‍, കൃപാചാര്യന്‍, ശല്യന്‍, വിവിംശതി, സോമദത്തന്‍ എന്നിവര്‍ ഭീഷ്മാചാര്യന്‍റെ രക്ഷക്കായി കുതിച്ചു. അഭിമന്യു തന്‍റെ അച്ഛനോട് ചേര്‍ന്നപ്പോള്‍ രണ്ട് അര്‍ജുനന്മാര്‍ ഒന്നുചേര്‍ന്ന് പോരാടുന്നതുപോലെ തോന്നി. 

കുറച്ചു സമയത്തിനുള്ളില്‍ത്തന്നെ രണ്ടുപേരും ചേര്‍ന്ന് പതിനായിരം സൈനികരെ വധിച്ചു.

മഗധരാജാവിന്‍റെ ആനകള്‍ ഭീമനെ ആക്രമിക്കാന്‍ വരുന്നതുകണ്ട അഭിമന്യു, ഏറ്റവും മുന്‍പിലുള്ള ആനയെ തന്‍റെ അമ്പിനിരയാക്കി ഭീമനെ ജാഗരൂകനാക്കി.

 

അഞ്ചാം ദിവസം 

അന്നേ ദിവസം യുദ്ധഭൂമിയില്‍ ഏറ്റവുമധികം തല കൊയ്തത് അഭിമന്യുവായിരുന്നു. 

ഭീഷ്മാചാര്യനും, ദ്രോണാചാര്യനും ശല്യനുമായി അഭിമന്യു ഏറ്റുമുട്ടി.

അഭിമന്യുവുമായി വീണ്ടും ഏറ്റുമുട്ടി മുറിവേറ്റ് പിടഞ്ഞ ലക്ഷ്മണനെ ശല്യനാണ് രക്ഷിച്ചത്.

 

ആറാം ദിവസം 

ഭീമനും ധൃഷ്ടദ്യുമ്നനും തനിയെ കൗരവസേനയുടെ മധ്യത്തിലായപ്പോള്‍ യുധിഷ്ഠിരന്‍ അഭിമന്യുവിനെ അവരുടെ പക്കലേക്ക് അയച്ചു. 

സൂചിയുടെ രൂപത്തില്‍ ഒരു വ്യൂഹം നിര്‍മ്മിച്ച് അഭിമന്യു അനായസം കൗരവസേനയെ അടിച്ചൊതുക്കി അവരുടെ പക്കലെത്തി.

ദ്രോണാചാര്യന്‍ ധൃഷ്ടദ്യുമ്നന്‍റെ തേര് തകര്‍ത്തപ്പോള്‍ അഭിമന്യുവാണ് അദ്ദേഹത്തെ രക്ഷിച്ചത്.

ആറാം ദിവസം അഭിമന്യുവും വികര്‍ണ്ണനും ഏറ്റുമുട്ടി.

 

ഏഴാം ദിവസം 

ദുശ്ശാസനന്‍റേയും, വികര്‍ണ്ണന്‍റേയും ചിത്രസേനന്‍റേയും ഒരുമിച്ചുള്ള മുന്നേറ്റം അഭിമന്യു തടുത്തു. 

അവരുടെ സാരഥികളേയും കുതിരകളേയും വധിച്ച് അവരുടെ വില്ലുകളും അരിഞ്ഞുവീഴ്ത്തി. 

നൂറ് കൗരവരേയും താന്‍ തന്നെ വധിക്കുമെന്ന് ഭീമന്‍ പ്രതിജ്ഞ ചെയ്തിരുന്നതിനാല്‍ അവരുടെ ജീവനെടുക്കാതെ വെറുതെ വിട്ടു.

 

ഒമ്പതാം ദിവസം 

അഭിമന്യു കൗരവസേനയെ ആക്രമിച്ചപ്പോള്‍ ഓടി രക്ഷപ്പെടുകയല്ലാതെ അവര്‍ക്ക് മറ്റു വഴിയൊന്നും ഇല്ലായിരുന്നു.

അഭിമന്യു യുദ്ധഭൂമി അടക്കിവാഴുകയായിരുന്നു. ദ്രോണാചാര്യനും കൃപാചാര്യനും അഭിമന്യുവിനെ ചേര്‍ന്നാക്രമിച്ചു. 

അവര്‍ക്ക് പിന്‍വാങ്ങേണ്ടിവന്നു.  

അശ്വത്ഥാമാവിനും ജയദ്രഥനും അഭിമന്യുവിന്‍റെ അടുത്തെത്തുവാന്‍ പോലും സാധിച്ചില്ല. 

ശരവര്‍ഷത്തില്‍ പിന്‍തിരിയേണ്ടി വന്നു.

കൗരവര്‍ക്കൊപ്പം അലംബുഷന്‍ എന്ന രാക്ഷസനുണ്ടായിരുന്നു. 

മായാവിയായ അവന്‍ അദൃശ്യനായിരുന്ന് പാണ്ഡവസൈന്യത്തിന് ചുറ്റും ഇരുട്ടുമറ സൃഷ്ടിച്ചു. 

അഭിമന്യു ദിവ്യാസ്ത്രം കൊണ്ട് ഇരു

ട്ടകറ്റി അലംബുഷനെ പുറത്തുകൊണ്ടുവന്നു. 

മറ്റ് പാണ്ഡവകുമാരന്മാര്‍ അവനെ തുരത്തിയോടിച്ചു,

അര്‍ജുനനും അഭിമന്യുവും ചേര്‍ന്ന് ഭീഷ്മാചാര്യനെ ആക്രമിച്ചു. 

പകുതി കൗരവര്‍ ഒത്തുചേര്‍ന്നപ്പോഴേ അവരെ തടുക്കാന്‍ സാധിച്ചുള്ളൂ.

 

പത്താം ദിവസം 

ഭീഷ്മാചാര്യന്‍ വീണ ദിവസമായിരുന്നു ഇത്. 

അഭിമന്യുവും ധൃഷ്ടദ്യുമ്നനും ചേര്‍ന്ന് ഭീഷ്മാചാര്യനെ ആക്രമിച്ചിരുന്നു.

 

പതിനൊന്നാം ദിവസം 

കൗരവരുടെ ശകടവ്യൂഹത്തെ അഭിമന്യു അനായാസം തകര്‍ത്തു. 

അതിനോടൊപ്പം തന്നെ നൂറ് ശത്രുസൈനികരേയും വധിച്ചു.

അഭിമന്യുവിനാല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ജയദ്രഥന്‍ ഓടി രക്ഷപ്പെട്ടു.

തീനാളങ്ങളുതിര്‍ക്കുന്ന ഒരു ശരം ശല്യന്‍ അഭിമന്യുവിന് നേരെ തൊടുത്തു. 

അഭിമന്യു അത് കൈകൊണ്ട് പിടിച്ചെടുത്ത് ശല്യനു നേരെ തന്നെ തിരിച്ചയച്ചു.

 ശല്യന്‍റെ സാരഥിയും കുതിരകളും കൊല്ലപ്പെട്ടു.

 

പതിമൂന്നാം ദിവസം 

ഇതായിരുന്നു അഭിമന്യുവിന്‍റെ ഭൂമിയിലെ അവസാന ദിനം. അഭിമന്യുവിന്‍റെ പ്രശസ്തി കൃഷ്ണനും അര്‍ജുനനും തുല്യമായ ദിവസം. ദ്രോണാചാര്യന്‍ സേനാപതി ആയതില്‍പിന്നെ മൂന്നാം ദിവസം. 

ദ്രോണാചാര്യന്‍ പത്മവ്യൂഹം സജ്ജമാക്കി.

ഇതിന് ചക്രവ്യൂഹം എന്നും പേരുണ്ട്.

 

പത്മവ്യൂഹത്തിന്‍റെ പ്രത്യേകതകള്‍ 

 • താമരയുടെ ആകൃതി
 • ചുറ്റിക്കൊണ്ടേയിരിക്കും
 • അതിന്‍റെ മധ്യത്തില്‍ ദുര്യോധനന്‍
 • ആരങ്ങളുടെ സ്ഥാനത്ത് രാജകുമാരന്മാര്‍ അണിനിരന്നു
 • കൗരവപക്ഷത്തെ എല്ലാ രാജാക്കന്മാരും വീരയോദ്ധാക്കളും പത്മവ്യൂഹത്തിനുള്ളില്‍ ഉണ്ടായിരുന്നു
 • എല്ലാവരും ചുവപ്പ് വസ്ത്രങ്ങള്‍ ധരിച്ചിരുന്നു
 • ആഭരണങ്ങളും കൊടികളുമൊക്കെയും തന്നെ ചുവപ്പ് നിറം
 • ദ്രോണാചാര്യന്‍ വ്യൂഹത്തിന് പുറത്തു നിന്നു, അതിന്‍റെ സുരക്ഷക്കായി.
 • തന്‍റെ മാര്‍ഗത്തില്‍ വന്നതെല്ലാം ഇല്ലാതാക്കി പത്മവ്യൂഹം പാണ്ഡവസൈന്യത്തിന് നേരെ നീങ്ങി

 

പാണ്ഡവര്‍ എങ്ങനെ പ്രതികരിച്ചു? 

ഭീമന്‍, യുധിഷ്ഠിരന്‍, നകുലന്‍, സഹദേവന്‍, ഘടോത്കചന്‍ എന്നിവര്‍ ആയിരക്കണക്കിന് സൈനികരോടെ പത്മവ്യൂഹത്തിനെ ആക്രമിച്ചു. 

എല്ലാവരേയും ദ്രോണചാര്യന്‍ തടുത്ത് നിറുത്തി. 

ഒട്ടനവധി സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടു.

പത്മവ്യൂഹത്തിനെ ഭേദിക്കാന്‍ നാല് പേര്‍ക്കേ അറിയാമായിരുന്നുള്ളൂ - കൃഷ്ണന്‍, പ്രദ്യുമ്നന്‍, അര്‍ജുനന്‍, അഭിമന്യു.

 

അര്‍ജുനന്‍ എവിടെയായിരുന്നു? 

അര്‍ജുനന്‍റെ ശ്രദ്ധ തിരിക്കാന്‍ കൗരവപക്ഷത്തെ ത്രിഗര്‍ത്തന്മാര്‍, സംശപ്തകന്മാര്‍ എന്ന ചാവേര്‍പ്പോരാളികളെ ഏര്‍പ്പെടുത്തിയിരുന്നു. 

അര്‍ജുനന്‍ അവരുമായി ഘോരയുദ്ധത്തിലായിരുന്നു.

 

അഭിമന്യു പത്മവ്യൂഹത്തില്‍ പ്രവേശിക്കുന്നു 

യുധിഷ്ഠിരന്‍ അഭിമന്യുവിനോട് പത്മവ്യൂഹത്തെ തകര്‍ക്കാന്‍ ആവശ്യപ്പെട്ടു. 

ഇതുകേട്ട് അഭിമന്യു ഉത്സാഹഭരിതനായി.

അഭിമന്യു പറഞ്ഞു - എനിക്ക് അകത്തുപോകാനേ അറിയൂ. പുറത്തുവരാന്‍ അറിയില്ല.

യുധിഷ്ഠിരന്‍ - നിന്‍റെ തൊട്ടുപിന്നാലെ ഞങ്ങളെല്ലാം ഉണ്ടാകും. നീ വഴി തുറന്നു തന്നാല്‍ മാത്രം മതി.

അഭിമന്യുവിന് വ്യൂഹത്തിലെ ബലം കുറഞ്ഞ സ്ഥാനങ്ങള്‍ അറിയാമായിരുന്നു.

അഭിമന്യുവിന്‍റെ സാരഥി സംശയം പ്രകടിപ്പിച്ചു - ഇത് വേണോ? മുന്‍പില്‍ ദ്രോണാചാര്യനാണ്.

അഭിമന്യു - ദ്രോണാചാര്യനായാലെന്താ? ഇന്ന് സാക്ഷാല്‍ ഇന്ദ്രനോ രുദ്രനോ ആയാല്‍പ്പോലും എന്നെ തടുക്കാനാവില്ല.

ദ്രോണാചാര്യനുമായി രണ്ട് നാഴിക നേരം പോരാടിയതിനുശേഷം അഭിമന്യു വ്യൂഹം ഭേദിച്ച് ഉള്ളില്‍ക്കയറി.

 

എന്നാല്‍.....

 

അഭിമന്യു വ്യൂഹത്തില്‍ പൊളിച്ചയിടം ജയദ്രഥന്‍ ഉടന്‍ തന്നെ അടച്ചു. 

പാണ്ഡവര്‍ക്ക് ഉള്ളില്‍ കടക്കാനായില്ല.

 

ജയദ്രഥന് ഇതെങ്ങനെ കഴിഞ്ഞു? 

ജയദ്രഥന് ശിവന്‍റെ പക്കല്‍നിന്നും വരം ലഭിച്ചിരുന്നു - കൃഷ്ണനും അര്‍ജുനനും സമീപത്തില്ലെങ്കില്‍ ജയദ്രഥന് തനിയെ മറ്റുള്ളവരെയൊക്കെ തടുത്ത് നിറുത്താനാകും. 

ഒരു കോട്ടമതില്‍ പോലെ ജയദ്രഥന്‍ ഭീമനേയും മറ്റും തടഞ്ഞു.

അഭിമന്യു പത്മവ്യൂഹത്തിനുള്ളില്‍ ഒറ്റക്കായി. 

താന്‍ ഒറ്റപ്പെട്ടു എന്ന് മനസിലാക്കിയിട്ടും അഭിമന്യു വ്യൂഹത്തിന്‍റെ നടുവിലേക്ക് പുഞ്ചിരിച്ചുകൊണ്ട് മുന്നേറി.

 

പത്മവ്യൂഹത്തില്‍ അഭിമന്യുവിന്‍റെ പരാക്രമം 

കൗരവപ്പടയിലെ ദിഗ്ഗജങ്ങള്‍ അഭിമന്യുവിനെ നാലു ചുറ്റും വളഞ്ഞു.

അഭിമന്യു വൃഷസേനന്‍റെ പതാക വെട്ടി വീഴ്ത്തി കുതിരകളേയും വധിച്ചു.

അതിനുശേഷം വാസതീയനെ വധിച്ചു.

കൗരാവപ്പോരാളികള്‍ വീണ്ടും അഭിമന്യുവിനെ വളഞ്ഞു.

അഭിമന്യു അവരെ കൊന്നൊടുക്കാന്‍ തുടങ്ങി. 

വേര്‍പെട്ട തലകളും കൈകാലുകളും എങ്ങും ചിതറിക്കിടന്നിരുന്നു.

കൗരവപക്ഷം ചേര്‍ന്ന് പോരാടിയ ഒട്ടനവധി രാജാക്കന്മാരെ അഭിമന്യു വധിച്ചു.

പത്മവ്യൂഹത്തിനു നടുവില്‍ അഭിമന്യു ജ്വലിച്ച് നില്‍ക്കുകയായിരുന്നു. 

കണ്ണുകളുയര്‍ത്തി അഭിമന്യുവിനെ നോക്കാന്‍ പോലും ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല.

യമദേവനെപ്പോലെ അഭിമന്യു ശത്രുക്കളുടെ ജീവനെടുത്തുകൊണ്ടിരുന്നു.

അഭിമന്യു പത്മവ്യൂഹത്തെ മുഴുവനായും ഇളക്കിമറിക്കുകയായിരുന്നു.

അഭിമന്യു സത്യശ്രവനെ കൊന്നു.കൂടെയുണ്ടായിരുന്ന പല മഹാരഥന്മാരും അഭിമന്യുവിനെ ആക്രമിച്ചു. 

ഒരു തിമിംഗലം എങ്ങനെയാണോ ഒറ്റയടിക്ക് നൂറുകണക്കിന് മത്സ്യങ്ങളെ വിഴുങ്ങുന്നത് അതുപോലെ അഭിമന്യു അവരെയെല്ലാം ഇല്ലാതാക്കി.

അഭിമന്യുവിന്‍റെ അടുത്തേക്ക് പോയ ആരും തന്നെ തിരിച്ചു വന്നില്ല.

പത്മവ്യൂഹം മുഴുവൻ തന്നെ കൊടുങ്കാറ്റിൽ അകപ്പെട്ട കപ്പൽ പോലെ ആടിയുലഞ്ഞു.

ശല്യന്‍റെ മകൻ രുക്മരഥൻ അഭിമന്യുവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. 

അഭിമന്യു അവന്‍റെ തലയറുത്തു.

നൂറുകണക്കിന് രാജകുമാരന്മാരുടെ അഭിമന്യു ശിരഛേദം ചെയ്തു. 

ഇത് കണ്ട് ദുര്യോധനൻ ഭയന്നു. 

ദുര്യോധനൻ അഭിമന്യുവിനെ ആക്രമിച്ചെങ്കിലും നിമിഷങ്ങൾക്കകം ഓടി രക്ഷപെടേണ്ടി വന്നു.

കൗരവപ്പോരാളികളുടെ വായുണങ്ങി വരണ്ടു.  

യുദ്ധം ചെയ്യാന്‍ ആര്‍ക്കും ധൈര്യമില്ലാതായി. 

ഏത് ദിക്കിലേക്ക് ഓടണം എന്ന് മാത്രമായി വിചാരം.

ദ്രോണാചാര്യൻ, അശ്വത്ഥാമാവ്, ബൃഹദ്ബലൻ, കൃപാചാര്യൻ, ദുര്യോധനൻ, കർണ്ണൻ, കൃതവർമ്മാവ്, ശകുനി എന്നിവർ ചേർന്ന് അഭിമന്യുവിന്‍റെ മേൽ ആഞ്ഞടിച്ചു. അവർക്കെല്ലാം ഒടുവില്‍ ഓടി രക്ഷ പെടേണ്ടിവന്നു.

ദുര്യോധനന്‍റെ പുത്രനായ ലക്ഷ്മണൻ അഭിമന്യുവിനെ അഭിമുഖീകരിച്ചു. 

മറ്റ് മഹാരഥന്മാരോടൊപ്പം മകനെ സംരക്ഷിക്കാൻ ദുര്യോധനൻ മടങ്ങിവന്നു.

അഭിമന്യു ലക്ഷ്മണനോട് പറഞ്ഞു - ലോകത്തെ അവസാനമായി ഒന്നു കണ്ടുകൊള്ളൂ. 

ഞാൻ നിന്നെ യമലോകത്തേക്ക് അയക്കാൻ പോകുന്നു. ഇങ്ങനെ പറഞ്ഞുകൊണ്ട് അഭിമന്യു സർപ്പരൂപത്തിലുള്ള അസ്ത്രം കൊണ്ട് ലക്ഷ്മണന്‍റെ ശിരസ് ഛേദിച്ചു.

ദുര്യോധനൻ അലറി - അവനെ കൊല്ലുക, അവനെ കൊല്ലുക. അവന്‍ എന്‍റെ മകനെ കൊന്നു.

ആറ് മഹാരഥന്മാര്‍:  ദ്രോണാചാര്യൻ, കൃപാചാര്യൻ, കർണ്ണൻ, അശ്വത്ഥാമാവ്, ബൃഹദ്ബലൻ, കൃതവർമ്മാവ് എന്നിവർ അഭിമന്യുവിനെ വളഞ്ഞു. 

അഭിമന്യു എല്ലാവരെയും തുരത്തിയോടിച്ചു.

എന്നിട്ട് അഭിമന്യു ജയദ്രഥന്‍റെ നേരെ തിരിഞ്ഞു. 

കലിംഗപ്പടയാളികൾ, നിഷാദന്മാര്‍, ക്രാഥപുത്രൻ എന്നിവർ തങ്ങളുടെ വലിയ ആനപ്പടയുമായി അഭിമന്യുവിന്‍റെ പാത തടഞ്ഞു. 

കാറ്റ് ആകാശത്തിലെ മേഘങ്ങളെ എങ്ങനെ തകർക്കുന്നുവോ അതുപോലെ അഭിമന്യു ആ ആനകളെ തുരത്തി.

ക്രാഥപുത്രൻ അഭിമന്യുവിനെ ആക്രമിച്ചപ്പോൾ, ദ്രോണാചാര്യരും മറ്റ് മഹാരഥന്മാരും തിരിച്ചെത്തി അഭിമന്യുവുമായി വീണ്ടും യുദ്ധം ചെയ്തു. 

അഭിമന്യു ക്രാഥപുത്രനെ വധിച്ചു. 

ഇതുകണ്ട് മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു.

ആറ് മഹാരഥന്മാരും ചേര്‍ന്ന് ഒരിക്കൽ കൂടി അഭിമന്യുവിനെ വളഞ്ഞു.

അഭിമന്യുവിന്‍റെ അമ്പുകളാല്‍ എല്ലാവരുടെ ശരീരത്തില്‍നിന്നും ചോരയൊഴുകാന്‍ തുടങ്ങി.

അഭിമന്യു കർണ്ണന്‍റെ ചെവിയിൽ സാരമായി മുറിവേല്‍പ്പിച്ചു.

കൃപാചാര്യന്‍റെ കുതിരകളെയും കാവൽക്കാരെയും കൊല്ലുകയും നെഞ്ചിൽ മുറിവേൽപ്പിക്കുകയും ചെയ്തു.

തുടർന്ന് വൃന്ദാരകനെ വധിച്ചു.

ഇരുപത്തഞ്ച് അസ്ത്രങ്ങൾ കൊണ്ട് അശ്വത്ഥാമാവിനെ മുറിവേൽപ്പിച്ചു.

എല്ലാവരും തിരിച്ചടിച്ചു,

പോരാട്ടം തുടർന്നു.

ആറ് മഹാരഥന്മാരിൽ ഒരാളായ ബൃഹദ്ബലനെ അഭിമന്യു വധിച്ചു. 

അയാളുടെ സ്ഥാനം ദുശ്ശാസനന്‍റെ മകനായ ദൗശ്ശാസനി എറ്റെടുത്തു.

അഭിമന്യു പിന്നീട് കൗരവപക്ഷം ചേര്‍ന്നിരുന്ന പതിനായിരം രാജാക്കന്മാരെ കൂടി വധിച്ചു.

അഭിമന്യു കർണ്ണന്‍റെ നേരെ അമ്പത് അസ്ത്രങ്ങൾ എയ്‌ക്കുകയും ചെവിയിൽ വീണ്ടും മുറിവേൽപ്പിക്കുകയും ചെയ്‌തു. 

കർണ്ണനും തിരിച്ചടിച്ചു.

അഭിമന്യുവിന്‍റെയും കർണ്ണന്‍റെയും വസ്ത്രങ്ങളും കവചങ്ങളും രക്തത്താൽ കുതിര്‍ന്നു.

കർണ്ണന്‍റെ ആറ് മന്ത്രിമാരെ അഭിമന്യു കൊല്ലുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മഗധയിലെ രാജകുമാരനായ അശ്വകേതുവിനെ അഭിമന്യു വധിച്ചു.

തുടർന്ന് മാർതികാവത രാജാവായ ഭോജനെ വധിച്ചു.

ദൗശ്ശാസനി അഭിമന്യുവിന്‍റെ കുതിരകൾക്കും സാരഥികൾക്കും പരിക്കേല്‍പ്പിച്ചു. 

അഭിമന്യു ദൗശ്ശാസനിയോട് പറഞ്ഞു - നിന്‍റെ അച്ഛൻ ഭീരുവിനെപ്പോലെ ഓടിപ്പോയി. 

യുദ്ധം ചെയ്യാൻ നിനക്കറിയാം എന്ന് തോന്നുന്നു,

പക്ഷേ നീ ഇവിടെ നിന്ന് ജീവനോടെ മടങ്ങില്ല.

തുടർന്ന് അഭിമന്യു അശ്വത്ഥാമാവിനോടും ശല്യനോടും യുദ്ധം ചെയ്തു.

പിന്നീട് ശത്രുഞ്ജയൻ, ചന്ദ്രകേതു, മേഘവേഗന്‍, സുവർച്ചസ്, സൂര്യഭാസ‍ന്‍ എന്നിവരെ വധിച്ചു.

ശകുനി മൂന്ന് അസ്ത്രങ്ങൾ കൊണ്ട് അഭിമന്യുവിനെ ആക്രമിച്ച ശേഷം ദുര്യോധനനോട് പറഞ്ഞു - അവന്‍ നമ്മളെ ഒന്നൊന്നായി കൊല്ലുന്നതിന് മുമ്പ്, നമുക്ക് എല്ലാവര്‍ക്കും ചേർന്ന് അവനെ അവസാനിപ്പിക്കാം.

കർണ്ണൻ ദ്രോണാചാര്യനോട് ചോദിച്ചു - അവന്‍ നമ്മെയെല്ലാം കൊല്ലാൻ പോവുകയാണ്. അവനെ എങ്ങനെ കൊല്ലണമെന്ന് ഞങ്ങള്‍ക്ക് പറഞ്ഞുതരിക.

ദ്രോണാചാര്യൻ പറഞ്ഞു - അഭിമന്യുവിന്‍റെ പോരാട്ടം കുറ്റമറ്റതാണ്. 

അവന്‍ എന്‍റെ ജീവനുതന്നെ ഭീഷണിയാണ്, പക്ഷേ അവന്‍റെ പോരാട്ടം കാണുന്നത് തന്നെ വളരെ സന്തോഷകരമാണ്. അവനും അർജുനനും തമ്മിൽ ഒരു വ്യത്യാസവും ഞാൻ കാണുന്നില്ല. 

അഭിമന്യുവിന്‍റെ അസ്ത്രങ്ങളാൽ കർണ്ണന് വീണ്ടും മുറിവേറ്റു. കര്‍ണ്ണന്‍ ഒരിക്കൽ കൂടി ദ്രോണാചാര്യനോട് പറഞ്ഞു - ഞാൻ ഓടിപ്പോകാത്തതിന് കാരണം യുദ്ധഭൂമിയില്‍ തുടരാൻ ഞാൻ ബാധ്യസ്ഥനാണ് എന്നത് മാത്രമാണ്. 

അവന്‍റെ തീപോലെയുള്ള അസ്ത്രങ്ങൾ എന്‍റെ നെഞ്ചിൽ തുളച്ചു കയറിയിട്ടുണ്ട്.

അതുകേട്ട് ദ്രോണാചാര്യൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു - അഭിമന്യുവിന്‍റെ കവചം അജയ്യമാണ്. കവചം എങ്ങനെ ധരിക്കണമെന്ന് ഞാനാണ് അര്‍ജുനനെ പഠിപ്പിച്ചത്. 

അഭിമന്യു അത് തന്‍റെ അച്ഛനില്‍ നിന്ന് പഠിച്ചിരിക്കണം.

അതിനുശേഷം അഭിമന്യുവിനെ എങ്ങനെ കൊല്ലണമെന്ന് ദ്രോണാചാര്യൻ കർണ്ണന് പറഞ്ഞുകൊടുത്തു

 

ഭീരുക്കളുടെ ക്രൂരമായ പ്രവൃത്തി 

ഭീഷ്മ പർവ്വത്തിലെ ഒന്നാം അദ്ധ്യായം 27 മുതൽ 32 വരെ ശ്ലോക സംഖ്യകളില്‍ പാണ്ഡവരും കൗരവരും പരസ്പരം അംഗീകരിച്ച യുദ്ധനിയമങ്ങൾ പറഞ്ഞിരിക്കുന്നു.

 

രഥീ ച രഥിനാ യോധ്യോ ഗജേന ഗജധൂർഗതഃ।

അശ്വേനാശ്വീ പദാതിശ്ച പാദാതേനൈവ ഭാരത॥ 29

യഥായോഗം യഥാകാമം യഥോത്സാഹം യഥാബലം।

സമാഭാഷ്യ പ്രഹർതവ്യം ന വിശ്വസ്തേ ന വിഹ്വലേ॥ 30

ഏകേന സഹ സംയുക്തഃ പ്രപന്നോ വിമുഖസ്തഥാ।

ക്ഷീണശസ്ത്രോ വിവർമാ ച ന ഹന്തവ്യഃ കദാചന॥ 31

 

 • രഥത്തിലിരിക്കുന്ന ഒരാൾ രഥത്തിലിരിക്കുന്ന ഒരു എതിരാളിയെ മാത്രമേ ആക്രമിക്കാവൂ. 
 • അതുപോലെ തന്നെ ആനകളിലും കുതിരകളിലും ഉള്ളവരും. വാഹനമില്ലത്തയാളെ വാഹനത്തിലിരുന്ന് ആക്രമിക്കരുത്.
 • അതുപോലെ, എതിരാളിയും വാളെടുത്താൽ മാത്രമേ വാളുപയോഗിച്ചുള്ള ആക്രമണം നടത്താവൂ. 
 • അതുപോലെ, മറ്റ് ആയുധങ്ങൾക്കും. 
 • ശക്തിയുടെയും ആയുധങ്ങളുടെയും കാര്യത്തിൽ തുല്യതയുള്ളവർ തമ്മിലായിരിക്കണം പോരാട്ടം.
 • ആയുധങ്ങൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്ത ഒരാളെ ആക്രമിക്കാൻ പാടില്ല.
 • ആരെയും പിന്നിൽ നിന്ന് ആക്രമിക്കാൻ പാടില്ല.അഭിമന്യുവിനെ കീഴടക്കാൻ ദ്രോണാചാര്യൻ നൽകിയ നിർദ്ദേശങ്ങൾ ഈ നിയമങ്ങളുടെ നഗ്നമായ ലംഘനമായിരുന്നു. 48-ാം അധ്യായത്തിൽ നിന്ന് ഇത് വ്യക്തമാണ്.

അഥൈനം വിമുഖീകൃത്യ പശ്ചാത് പ്രഹരണം കുരു.

അവനെ പിന്നിൽ നിന്ന് ആക്രമിക്കുക -  വിമുഖോ ന ഹന്തവ്യഃ എന്ന നിയമത്തിന്‍റെ വ്യക്തമായ ലംഘനം -  പിന്നിൽ നിന്ന് ആക്രമിക്കരുത്.

കർണ്ണൻ അത് തന്നെ ചെയ്തു.  

പിന്നിൽ നിന്ന് അമ്പെയ്ത് അഭിമന്യുവിന്‍റെ വില്ലു മുറിച്ചു.

 

അഭിഷൂംശ്ച ഹയാംശ്ചൈവ തഥോഭൗ പാർഷ്ണിസാരഥീ।

ഏതത് കുരു മഹേഷ്വാസ രാധേയ യദി ശക്യതേ॥

വിരഥം വിധനുഷ്കം ച കുരുഷ്വൈനം യദീച്ഛസി।

 

അവന്‍റെ കുതിരകളെ കൊല്ലുക,  അവന്‍റെ രക്ഷാഭടന്മാരെ കൊല്ലുക, അവന്‍റെ രഥം നശിപ്പിക്കുക, അവന്‍റെ വില്ലു നശിപ്പിക്കുക. 

അങ്ങനെ അവരെ നിരായുധനാക്കിയ ശേഷം നിങ്ങൾക്ക് അവനെ കൊല്ലാൻ കഴിയും. 

ക്ഷീണശസ്ത്രോ ന ഹന്തവ്യഃ - ആയുധം ഇല്ലാത്ത ഒരാളെ ആക്രമിക്കാൻ പാടില്ല എന്ന നിയമത്തിന്‍റെ വ്യക്തമായ ലംഘനം.

 

ശേഷാസ്തു ച്ഛിന്വധ്ന്വാനം ശരവർഷൈരവാകിരൻ।

ത്വരമാണസ്ത്വരാകാലേ വിരഥം ഷണ്മഹാരഥാഃ॥

 

ആഭിമന്യുവിന്‍റെ വില്ല് ഒടിഞ്ഞത് കണ്ട് ആറ് മഹാരഥന്മാരും ഒരുമിച്ച് അഭിമന്യുവിന്‍റെ മേൽ അസ്ത്രങ്ങൾ വർഷിച്ചു.

നിയമലംഘനം - അഭിമന്യുവിന് വില്ല് നഷ്ടപ്പെട്ടു. 

അവര്‍ അസ്ത്രങ്ങളാൽ ആക്രമിക്കാൻ പാടില്ലായിരുന്നു.

തുടർന്ന് അഭിമന്യു വാളും പരിചയും എടുത്ത് ഗരുഡനെപ്പോലെ പറന്നു തുടങ്ങി.

ദ്രോണാചാര്യൻ അഭിമന്യുവിന്‍റെ വാൾ അമ്പ് കൊണ്ട് രണ്ട് കഷ്ണങ്ങളാക്കി. 

കർണ്ണൻ അസ്ത്രങ്ങൾ കൊണ്ട് അഭിമന്യുവിന്‍റെ പരിച തകർത്തു.

നിയമലംഘനം - അഭിമന്യുവിന്‍റെ പക്കൽ വാളും പരിചയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.  അസ്ത്രങ്ങളാൽ ആക്രമിക്കാൻ പാടില്ലായിരുന്നു.

അഭിമന്യു തന്‍റെ തകർന്ന രഥത്തിൽ നിന്ന് ഒരു ചക്രം എടുത്ത് ദ്രോണാചാര്യന്‍റെ നേര്‍ക്ക് സിംഹത്തെപ്പോലെ അലറിക്കൊണ്ട് പാഞ്ഞു. 

മഹാരഥന്മാര്‍ ചേർന്ന് ആ ചക്രം തകർത്തു.

അഭിമന്യു ഒരു ഗദ എടുത്ത് അശ്വത്ഥാമാവിനെ ആക്രമിച്ചു. അതുകണ്ട് അശ്വത്ഥാമാവ് സ്വന്തം രഥത്തിൽ മൂന്നടി പിന്നോട്ട് പോയി.  

അഭിമന്യുവിന്‍റെ ഗദയുടെ പ്രഹരമേറ്റ് അശ്വത്ഥാമാവിന്‍റെ കുതിരകളും കാവല്‍ക്കാരും കൊല്ലപ്പെട്ടു.

ആറ് മഹാരഥന്മാരും ഒരുമിച്ച് അഭിമന്യുവിനെ ആക്രമിച്ചു. 

ഗദ ഉപയോഗിച്ച് അഭിമന്യു ദൗശ്ശാസനിയുടെ രഥം തകർത്തു. 

ദൗശ്ശാസനി അയാളുടെ ഗദ ഉപയോഗിച്ച് തിരിച്ചടിക്കുകയും ഇരുവരും തമ്മിൽ കടുത്ത പോരാട്ടം നടക്കുകയും ചെയ്തു. 

ഒരു ഘട്ടത്തിൽ ഇരുവരും നിലത്തു വീണു.

ദൗശ്ശാസനി ആദ്യം എഴുന്നേറ്റു ഗദ കൊണ്ട് അഭിമന്യുവിന്‍റെ തലയടിച്ച് തകർത്തു.

 

അഭിമന്യു മരിച്ചു.

 

മഹാഭാരതം അഭിമന്യുവധത്തിന്‍റെ ഭാഗം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:

 

ഏവം വിനിഹതോ രാജന്നേകോ ബഹുഭിരാഹവേ।

 

അങ്ങനെ യുദ്ധത്തിൽ ഒരു യോദ്ധാവിനെ പലര്‍ ചേര്‍ന്ന് കൊന്നു.

കൃഷ്ണൻ പിന്നീട് വസുദേവനോട് പറഞ്ഞതുപോലെ - വിരാമമില്ലാതെ പോലും അവരുമായി ഒന്നൊന്നായി പോരാടിയിരുന്നെങ്കിൽ, അഭിമന്യു അവരെയെല്ലാം കൊല്ലുമായിരുന്നു. 

എന്തിന്, ഇന്ദ്രനുപോലും അവനെ തോൽപ്പിക്കാൻ കഴിയുമായിരുന്നില്ല.

തന്‍റെ ജീവിതം അവസാനിക്കുന്നതിനുമുമ്പ്, അഭിമന്യു ആയിരക്കണക്കിന് ശത്രുരാജാക്കന്മാരെയും സൈനികരെയും ആനകളെയും കുതിരകളെയും കൊന്നു. 

എണ്ണായിരം രഥങ്ങളും നശിപ്പിച്ചു.

 

എന്തുകൊണ്ടാണ് അഭിമന്യുവിന് ഇത്ര ചെറുപ്പത്തിൽ മരിക്കേണ്ടി വന്നത്? 

ചന്ദ്രദേവന്‍റെ പുത്രന്‍റെ അവതാരമായിരുന്നു അഭിമന്യു. 

തിന്മ ഇല്ലാതാക്കാൻ ഭഗവാൻ കൃഷ്ണനെ സഹായിക്കാനാണ് അഭിമന്യു വന്നത്. 

അഭിമന്യുവിനെ ഭൂമിയിലേക്ക് അയക്കുന്ന സമയത്ത്, പതിനാറാം വയസില്‍  മടങ്ങിവരണമെന്ന് ചന്ദ്രദേവൻ പറഞ്ഞിരുന്നു.

 

അഭിമന്യു സ്വർഗാരോഹണം ചെയ്യുന്നു 

അഭിമന്യുവിന്‍റെ മരണത്തിൽ ദുഃഖിച്ചിരുന്ന ബന്ധുക്കളുടെ പക്കല്‍ വ്യാസ മഹര്‍ഷി വന്നു. 

അഭിമന്യു ഇതിനകം സ്വർഗലോകത്ത് എത്തിച്ചേര്‍ന്ന് കഴിഞ്ഞു എന്ന് അവരോട് പറഞ്ഞു.

പലരും കരുതുന്നതുപോലെ അഭിമന്യുവിനെ പത്മവ്യൂഹത്തില്‍ അകപ്പെടുത്തിയതിലും ആറ് മഹാരഥന്മാര്‍ ചേര്‍ന്ന് ആക്രമിച്ചതിലും അനീതിയൊന്നുമില്ല. 

മേല്‍പ്പറഞ്ഞ യുദ്ധനിയമങ്ങളുടെ ലംഘനമായിരുന്നു യഥാര്‍ത്ഥ അനീതിയും അധര്‍മ്മവും.

 

74.9K
1.0K

Comments

td4m8

വ്യാസമഹര്‍ഷി വേദത്തിനെ നാലായി പകുത്തതെന്തിന്?

1. പഠനം സുഗമമാക്കാന്‍ 2. യജ്ഞങ്ങളില്‍ വേദത്തിന്‍റെ ഉപയോഗത്തിന്‍റെ അടിസ്ഥാനത്തിലാണ് വേദത്തെ നാലായി വിഭജിച്ചത്.

ബ്രഹ്മവാദിനികളും ഋഷികമാരും ഒന്നു തന്നെയാണോ?

വേദത്തിലെ പരമസത്യത്തെ അറിഞ്ഞവരാണ് ബ്രഹ്മവാദികള്‍. ബ്രഹ്മവാദി എന്നതിന്‍റെ സ്ത്രീരൂപമാണ് ബ്രഹ്മവാദിനി. മന്ത്രദ്രഷ്ടാവാണ് ഋഷി. ഋഷിമാര്‍ വഴിയാണ് മന്ത്രങ്ങള്‍ പ്രകടമായത്. ഋഷിയുടെ സ്ത്രീരൂപമാണ് ഋഷികാ. എല്ലാ ഋഷികകളും ബ്രഹ്മവാദിനികളാണ്. എന്നാല്‍ എല്ലാ ബ്രഹ്മവാദിനികളും ഋഷികയാകണമെന്നില്ല.

Quiz

അഞ്ച് മൃതശരീരങ്ങള്‍ക്കുമേല്‍ ഇരിക്കുന്ന ( പഞ്ചപ്രേതാസനാസീനാ ) ദേവിയാര് ?
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |