നിങ്ങളെല്ലാവരും സമുദ്രം കണ്ടിരിക്കുമല്ലോ. 

പണ്ട് സമുദ്രത്തിനടിയിൽ ധാരാളം ഗുഹകൾ ഉണ്ടായിരുന്നു. 

ആ ഗുഹകളിൽ ദേവകന്യകമാര്‍ വസിച്ചുവന്നിരുന്നു.

ദേവകന്യകമാര്‍ അവരുടെ ഗുഹകളിൽ നിന്നും വെളിയിൽ സഞ്ചരിക്കുക പതിവില്ല.

സമുദ്രത്തിനടിയിൽ തന്നെ ഉല്ലാസമായി കാലം കഴിച്ചുവന്നു. 

കരയിലെ ജീവിതത്തെപ്പറ്റി അവർക്ക് ഒന്നും തന്നെ അറിയാമായിരുന്നില്ല.

എന്നാൽ കടൽത്തീരം കാണണമെന്ന് അതിയായ ആഗ്രഹവും ഉണ്ടായിരുന്നു.

പൊൻനിറമുള്ള അവരുടെ തലമുടി വളരെ ഭംഗിയുള്ളതായിരുന്നു.

അവർ വസിച്ചിരുന്ന ഗുഹകളും എപ്പോഴും പ്രശോഭിച്ചുകൊണ്ടിരുന്നു. 

സമുദ്രത്തിൽ പൊൻ മീനുകൾ ധാരാളം ഉണ്ടായിരുന്നു.

ദേവകന്യകമാര്‍ കുതിരകൾക്കു പകരം പൊൻമീനുകളെയാണ് അവരുടെ രഥങ്ങളിൽ പൂട്ടി വന്നത്.

ഈ പൊൻമീനുകൾ ദിവസം തോറും അതിരാവിലെ ദേവകന്യകമാരെ അവരുടെ രഥങ്ങളിൽ വെളിയിൽ കൊണ്ടുവരും.

അവർ കടല്‍ത്തീരത്തില്‍ കുറച്ചുസമയം ഉല്ലാസമായി കളിച്ച് സമുദ്രത്തിനുള്ളിലേക്ക് മടങ്ങും .

ഒരു ദിവസം എന്തു സംഭവിച്ചു എന്നറിയാമോ? 

ഒരു ദേവകന്യക പതിവുപോലെ പൊൻമീനുകളെ പൂട്ടിയ രഥത്തിൽ വന്ന് തീരത്ത് കുറച്ചു സമയം കളിച്ചു നടന്നു. 

അന്ന് കടൽത്തീരത്ത് തിരമാല വളരെ ശക്തിയായി അടിച്ചു കൊണ്ടിരുന്നു. 

ദേവകന്യക ഈ കാഴ്ച വളരെ നേരം നോക്കി നിന്ന് രസിച്ചു. 

ആ സമയം സൂര്യൻ ഏഴ് കുതിരകളെ കെട്ടിയ രഥത്തിൽ വെളിയിൽ വന്നു. 

ഒരിക്കലും കാണാത്ത ഈ അത്ഭുത കാഴ്ച കണ്ട് ആ ദേവകന്യക അതിശയിച്ചു നിന്നുപോയി.

അദ്ദേഹം ഒരു മഹാരാജാവിനെ പോലെയിരിക്കുന്നുവല്ലോ എന്ന് അവൾ മനസ്സിൽ വിചാരിച്ചു കൊണ്ട് സൂര്യനെ നോക്കി നിന്നു . 

സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുന്നതുവരെ അവൾ ആ സ്ഥലത്തു നിന്നും മാറിയില്ല.

അന്ന് കടൽത്തീരത്തു കണ്ട് അത്ഭുത കാഴ്ചയെപ്പറ്റി അവൾ തിരിച്ചു ചെന്നപ്പോൾ തന്‍റെ സഹോദരികളെ പറഞ്ഞു കേൾപ്പിച്ചു. 

പക്ഷെ ആരും അവളെ വിശ്വസിച്ചില്ല. 

അവർ വിശ്വസിക്കാത്തതുകൊണ്ട് അവൾക്ക് വിഷമമോ സങ്കടമോ ഉണ്ടായതുമില്ല.

അടുത്ത ദിവസവും ആ ദേവകന്യക സുര്യനെ കാണാൻ സമുദ്രതീരത്തു വന്നു. 

പാറപ്പുറത്ത് അവൾ ഇരിപ്പുറപ്പിച്ച് സൂര്യൻ വരുന്ന ദിക്കിലേക്ക് ഇമവെട്ടാതെ നോക്കിയിരുന്നു .

സൂര്യൻ ഉദിച്ചുവന്നപ്പോൾ, ’അല്ലയോ മഹാരാജാവേ എന്നെക്കൂടി അങ്ങയുടെ രഥത്തിൽ കയറ്റി കൊണ്ടു പോയി കൂടെ?’ - എന്ന് അവൾ ചോദിച്ചു. 

പക്ഷെ സൂര്യൻ അവളുടെ അടുക്കൽ ചെന്നില്ല.

അവളെ രഥത്തില്‍ക്കയറ്റി കൊണ്ടുപോയതുമില്ല.

അവൾക്ക് ഇതുമൂലമുള്ള  നിരാശയും സങ്കടവും വർദ്ധിച്ചു വന്നു. 

സൂര്യന്‍ അവളെ വിളിച്ചുകൊണ്ടുപോകുന്നതു വരെ ആ സ്ഥലം വിട്ടു മാറുന്നതല്ല എന്ന് അവള്‍ തീർച്ചപ്പെടുത്തി. 

നാളുകൾ പലതു കഴിഞ്ഞു. 

ഒരു ദിവസം ദേവകന്യകമാര്‍ കടൽത്തീരത്തു കളിക്കുവാൻ വന്നു. 

അപ്പോൾ ഒരു പാറപ്പുറത്തു ദുഃഖിച്ചു കൊണ്ടിരിക്കുന്ന ആ ദേവകന്യകയെ കണ്ടു. 

അവളുടെ രൂപം മാറിയിരിക്കുന്നതുകണ്ട് അവർ ഭയപ്പെട്ടു. 

സാവധാനത്തിൽ അവർ അവളുടെ സമീപത്ത് ചെന്ന്, ’നിനക്കെന്ത് പറ്റി? നിനക്ക് സുഖമില്ലേ?’' - എന്ന് ചോദിച്ചു. 

എന്നാൽ അവൾ ആരെയും നോക്കാതെ മൗനമായി കിഴക്ക് ദിക്കിനെ മാത്രം നോക്കിക്കൊണ്ടിരുന്നു.

അവൾക്കു ഭ്രാന്തായിരിക്കുമെന്ന് കരുതി മറ്റു ദേവകന്യകമാര്‍ ഉടൻ സമുദ്രത്തിനുള്ളിലേക്ക് പോവുകയും ചെയ്തു.

ആ ദേവകന്യക ദിവസവും ഒരേ ചിന്തയിൽ സൂര്യൻ പോകുന്ന വഴിയ തന്നെ നോക്കിക്കൊണ്ടിരുന്നു. 

അവളുടെ രൂപം മാറി മാറി ശോഷിച്ചു കൊണ്ടേയിരുന്നു. 

അവളുടെ കാലുകൾ ഭൂമിയിൽ ഉറച്ചുപോയി. 

അവളുടെ ശരീരം ചീരത്തണ്ടു പോലെ രൂപാന്തരപ്പെട്ടു. 

അവൾ ഒരു പൂച്ചെടിപോലെ വളരാൻ തുടങ്ങി.

പൊൻ നിറമുള്ള അവളുടെ തലമുടി ഒരു പുഷ്പമായി മാറി. 

സൂര്യന്‍റെ ചലനമനുസരിച്ച് ആ ദിക്കിലേക്ക് ചായുന്ന ഒരു പുഷ്പം.

അതു സൂര്യൻ ഉദിക്കുമ്പോൾ കിഴക്കോട്ടും ഉച്ചക്ക് മേപ്പോട്ടും അസ്തമിക്കുമ്പോൾ പടിഞ്ഞാറോട്ടും തിരിയുന്നു.

ഇന്നും ആ പുഷ്പം സൂര്യന്‍ തന്നെ എന്നെങ്കിലും രഥത്തില്‍ക്കയറ്റി കൊണ്ടുപോകും എന്ന പ്രതീക്ഷയില്‍ മാനത്തേക്ക് ഉറ്റുനോക്കി കാത്തിരിക്കുന്നു.

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |