ജമ്മുവില്‍നിന്നും നാല്‍പ്പത്തിരണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ കട്ഡാക്ക് സമീപമാണ് വൈഷ്ണോദേവീക്ഷേത്രം.
കട്ഡായില്‍നിന്നും പതിമൂന്ന് കിലോമീറ്റര്‍ ദൂരെ മലമുകളിലുള്ള ക്ഷേത്രത്തിലേക്ക് കാല്‍നടയായും കുതിരപ്പുറത്തും ശബരിമലയിലെപ്പോലെ ഡോളിമേലും അല്ലെങ്കില്‍ ഹെലികോപ്റ്റര്‍ മാര്‍ഗവും ചെന്നുചേരാം.
ആദിശക്തി മഹാമായയുടെ മൂന്ന് രൂപങ്ങളാണ് മഹാകാളിയും മഹാലക്ഷ്മിയും മഹാസരസ്വതിയും.
മഹാകാളി താമസികരൂപവും മഹാസരസ്വതി രാജസികരൂപവും മഹാലക്ഷ്മി സാത്ത്വികരൂപവും.
സാത്ത്വികരൂപം മാത്രമാണ് നല്ലതെന്ന് വിചാരിക്കരുത്.
ആത്മീയത്തില്‍ നമ്മള്‍ പറയും രജോഗുണവും തമോഗുണവും നല്ലതല്ലെന്ന്.
പക്ഷേ, ഈ മൂന്ന് ഗുണങ്ങളുമുണ്ടെങ്കിലേ പ്രപഞ്ചം തന്നെ നിലനില്‍ക്കുകയുള്ളൂ.
മനുഷ്യന്‍റെ കാര്യം തന്നെയെടുത്തോളൂ.
കഠിനാധ്വാനം ചെയ്യുന്നതും ജീവിതത്തില്‍ പുരോഗമിക്കാനായി പരിശ്രമിക്കുന്നതും തന്‍റെ കുടുംബത്തിനെ സംരക്ഷിക്കുന്നതുമൊക്കെ രജോഗുണമുള്ളതുകൊണ്ടാണ്.
ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നതും സത്യസന്ധമായും കരുണയോടെയും പെരുമാറുന്നതും സത്ത്വഗുണമുള്ളതുകൊണ്ടാണ്.
രാത്രി കിടന്നാല്‍ ഉറങ്ങാന്‍ സാധിക്കുന്നത് തമോഗുണമുള്ളതുകൊണ്ടാണ്.
ഇതെല്ലാം ചേര്‍ന്നതല്ലേ ജീവിതം ?
ശരീരം ഉള്ളിടത്തോളം കാലം ഈ മൂന്ന് ഗുണങ്ങളും ഉണ്ടായേ തീരൂ.
ഒരിക്കല്‍ ഈ മൂന്ന് ദേവിമാരും ചേര്‍ന്ന് തങ്ങളുടെ ശക്തികളെ ഒരിടത്തേക്ക് കൊണ്ടുവരുവാന്‍ തീരുമാനിച്ചു.
മൂവരുടേയും ശക്തികള്‍ ചേര്‍ന്ന് ഒരു ദിവ്യജ്യോതിസ്സായി മാറി.
ആ ജ്യോതിസ്സ് ദേവിമാരോട് ചോദിച്ചു: ഞാനെന്താ ചെയ്യേണ്ടത് ?
ലോകത്തില്‍ നല്ല മൂല്യങ്ങളെ കാത്തുരക്ഷിക്കാനായി ദക്ഷിണേന്ത്യയില്‍ രത്നാകരന്‍ എന്നയാളുടെ മകളായി നീ ജനിക്കണം.
എന്നിട്ട് തീവ്രമായ സാധന ചെയ്ത് ഒടുവില്‍ മഹാവിഷ്ണുവില്‍ ലയിക്കണം.
പറഞ്ഞതുപോലെ കുറച്ചുകാലത്തിന് ശേഷം രത്നാകരന്‍റെ മകളായി ദേവി അവതരിച്ചു.
കുഞ്ഞിന് അച്ഛനമ്മമാര്‍ വൈഷ്ണവി എന്ന് പേരുമിട്ടു.
ചെറുപ്രായത്തില്‍ത്തന്നെ വൈഷ്ണവിക്ക് ജ്ഞാനത്തിനു വേണ്ടി അതിയായ തൃഷ്ണയുണ്ടായിരുന്നു.
പുറംലോകത്തില്‍നിന്നും ലഭിക്കാവുന്ന ജ്ഞാനമെല്ലാം നേടിയതിനുശേഷം വൈഷ്ണവി തന്‍റെ തന്നെ ഉള്ളിലേക്ക് തിരിഞ്ഞു.
അടുത്തുള്ള ഒരു വനത്തില്‍ ധ്യാനനിരതയായി ഇരുന്നു.
ശ്രീരാമചന്ദ്രന്‍റെ വനവാസകാലമായിരുന്നു അത്.
ഭഗവാന്‍ ആ വനത്തിലൂടെ കടന്നുപോവുകയായിരുന്നു.
ഭഗവാനെ കണ്ടയുടന്‍ വൈഷ്ണവി തിരിച്ചറിഞ്ഞു.
സായൂജ്യത്തിനായി പ്രാര്‍ഥിച്ചു.
ഭഗവാനില്‍ ലയിച്ചുചേരുന്നതിനാണ് സായൂജ്യം എന്ന് പറയുന്നത്.
എനിക്ക് ചില കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്.
ഞാന്‍ തിരിച്ചുവരുന്നതുവരെ തപസ് തുടരുക എന്ന് ഭഗവാന്‍ പറഞ്ഞു.
തിരിച്ചുവരുന്ന സമയത്ത് ഭഗവാന്‍ ഒരു വൃദ്ധനായി വേഷം മാറിയാണ് വന്നത്.
ഇപ്രാവശ്യം വൈഷ്ണവിക്ക് ഭഗവാനെ തിരിച്ചറിയാനായില്ലാ.
ഭഗവാന്‍ പറഞ്ഞു: എന്നില്‍ ലയിക്കാന്‍ മാത്രം തപശ്ശക്തി വന്നിട്ടില്ലാ.
ഹിമാലയത്തില്‍ ത്രികൂടപര്‍വത്തില്‍പ്പോയി ഒരാശ്രമം കെട്ടി തപസ് തുടരുക.
ഞാന്‍ കല്‍ക്കിയായി അവതാരമെടുക്കുമ്പോള്‍ സായൂജ്യം തരാം.
വൈഷ്ണവി ത്രികൂടത്തില്‍പ്പോയി തീവ്രമായ തപസനുഷ്ഠിക്കാന്‍ തുടങ്ങി.
ത്രേതായുഗവും ദ്വാപരയുഗവും കഴിഞ്ഞ് കലിയുഗം വന്നു ചേര്‍ന്നു.
ദേവിയുടെ തപസ് തുടര്‍ന്നുകൊണ്ടേയിരുന്നു.
പതിനൊന്നാം നൂറ്റാണ്ടില്‍ ഗുരു ഗോരഖ് നാഥ് എന്നൊരു മഹായോഗിയുണ്ടായിരുന്നു.
ശ്രീരാമനും ദേവിയുക്കുമിടയില്‍ നടന്ന കാര്യമെല്ലാം ഗോരഖ് നാഥിന്‍റെ ദിവ്യദൃഷ്ടിയില്‍ തെളിഞ്ഞുവന്നു.
അദ്ദേഹമൊരിക്കല്‍ തന്‍റെ ശിഷ്യനായ ഭൈരോംനാഥിനെ ദേവിയെത്തേടി ത്രികൂടപര്‍വതത്തിലേക്കയച്ചു.
ഒരു ഉഗ്രസിംഹത്തിനുമുകളിലേറി കയ്യില്‍ അമ്പും വില്ലുമേന്തി കുറെ വാനരന്മാരാല്‍ ചുറ്റപ്പെട്ട ദേവിയെ ഒരു ഗുഹക്ക് സമീപത്തായി ഭൈരോംനാഥ് അവിടെക്കണ്ടു.
ദേവിയുടെ സൗന്ദര്യത്തില്‍ മയങ്ങിയ ഭൈരോംനാഥ് താണുവണങ്ങുന്നതിനു പകരം ദേവിയോട് പ്രേമാഭ്യര്‍ഥന നടത്തി.
ദേവിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്താന്‍ തുടങ്ങി.
ത്രികൂടത്തിന്‍റെ താഴ്വരയിലെ ഗ്രാമത്തില്‍ ശ്രീധരന്‍ എന്നൊരു വലിയ ദേവീഭക്തനുണ്ടായിരുന്നു.
ദേവി ഒരിക്കല്‍ ശ്രീധരന്‍റെ സ്വപ്നത്തില്‍ വന്ന് ഊരടച്ച് ഒരു സദ്യ നടത്താന്‍ ആവശ്യപ്പെട്ടു.
ശ്രീധരന്‍ വലിയ ധനവാനൊന്നുമായിരുന്നില്ലാ.
പ്രതീക്ഷിച്ചതിലും വളരെയധികം ആളുകള്‍ സദ്യക്ക് വന്നുചേര്‍ന്നു.
ഇത്രയധികം ആളുകളെ എങ്ങനെ ഊട്ടുമെന്ന് വ്യാകുലപ്പെട്ടിരുന്ന ശ്രീധരന്‍ തന്‍റെ വീട്ടില്‍നിന്നും ഒരു പെണ്‍കുട്ടി ഇറങ്ങിപ്പോകുന്നതുകണ്ടു.
അകത്തുപോയി നോക്കിയപ്പോള്‍ സ്വാദിഷ്ഠമായ ഭക്ഷണവിഭവങ്ങളുടെ കൂമ്പാരങ്ങള്‍.
എല്ലാവരും ആശ്ചര്യപ്പെട്ടു.
മലമുകളിലേക്ക് മടങ്ങിയ ദേവിയുടെ പിന്നാലെ ഭൈരോംനാഥ് വീണ്ടും കൂടി.
ഇത്തവണ പ്രേമാഭ്യര്‍ഥന മാറി ഭീഷണിയായി.
ഗുഹക്ക് മുമ്പിലെത്തിയ ദേവി തന്‍റെ വാളുകൊണ്ട് ഭൈരോംനാഥിന്‍റെ തലയറുത്ത് ദൂരേക്കെറിഞ്ഞു.
ആ തല ഒരു കുന്നിനുമുകളില്‍പ്പോയി വീണു.
ഭൈരോംനാഥ് താന്‍ ചെയത തെറ്റിനായി പശ്ചാത്തപിച്ചു.
ദേവിയോട് ക്ഷമ യാചിച്ചു.
ദേവി ഭൈരോംനാഥിന് മാപ്പ് നല്‍കി.
കൂട്ടത്തില്‍ ഒരനുഗ്രഹവും നല്‍കി.
എന്നെക്കാണാന്‍ വരുന്നവര്‍ ആദ്യം നിന്നെക്കണ്ടിട്ടുവന്നാലെ തീര്‍ഥയാത്രയുടെ ഫലം ലഭിക്കൂ.
കുറച്ച് കാലത്തിനുശേഷം ദേവി ശ്രീധരന്‍റെ സ്വപ്നത്തില്‍ വീണ്ടും വന്ന് തന്‍റെ ഗുഹ കാട്ടിക്കൊടുത്തു.
ശ്രീധരന്‍ തന്‍റെ ജീവിതകാലം മുഴുവനും ദേവിയെ പൂജിച്ച് അവിടെ കഴിഞ്ഞു.
പില്‍ക്കാലത്ത് വൈഷ്ണോദേവിയെന്ന പേരില്‍ ഈ ഗുഹാക്ഷേത്രം വിശ്വപ്രസിദ്ധി നേടി.
ഭഗവാന്‍റെ കല്‍ക്കി അവതാരം വരുമ്പോള്‍ ഭഗവാനില്‍ ലയിക്കാനായി ഉഗ്രതപസനുഷ്ടിക്കുന്ന മഹാകാളി-മഹാലക്ഷ്മി-മഹാസരസ്വതി സ്വരൂപിണിയായ ജഗദംബയുടെ സാന്നിദ്ധ്യമാണിവിടെയുള്ളത്.
Astrology
Atharva Sheersha
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rituals
Rudram Explained
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta