ഭീമന് പതിനായിരം ആനകളുടെ കരുത്ത് കിട്ടിയതെങ്ങിനെ?


ഭീമന് പതിനായിരം ആനകളുടെ കരുത്തുണ്ടെന്നത് പ്രസിദ്ധമാണ്. ഇതെങ്ങിനെയാണ് കൈവന്നതെന്ന് അറിയാമോ?

ദുര്യോധനന്‍ ഭീമന് വിഷം കൊടുക്കുന്നു

ബാല്യത്തില്‍ ഒരിക്കല്‍ പാണ്ഡവരും കൗരവരും ഗംഗാതീരത്തേക്ക് വിനോദയാത്ര പോയി. അവിടെ അതിമനോഹരമായ ഒരു ഉദ്യാനത്തില്‍ കളിക്കുകയായിരുന്നു. എല്ലാവരും സ്വാദിഷ്ഠമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പരസ്പരം വായിലൂട്ടി വിടാന്‍ തുടങ്ങി.

ഈ തക്കം നോക്കി ദുര്യോധനന്‍ ഭീമന് ഉഗ്രവിഷമായ കാളകൂടം എന്തിലോ കലര്‍ത്തി വായില്‍ കൊടുത്തു.

പിന്നീടെന്ത് സംഭവിച്ചു?

അതിനുശേഷം എല്ലാരും നദിയില്‍ കളിച്ചുതിമിര്‍ത്തു. വൈകുന്നേരമായപ്പോള്‍ എല്ലാരും ക്ഷീണിതരായി. രാത്രി അവിടെത്തന്നെ ചിലവഴിക്കാന്‍ തീരുമാനിച്ചു. ഇതിനകം വിഷം ഭീമനെ അബോധാവസ്ഥയില്‍ ആക്കിക്കഴിഞ്ഞിരുന്നു. എല്ലാവരും ഉറക്കമായപ്പോള്‍ ദുര്യോധനന്‍ ഭീമനെ വള്ളികള്‍ കൊണ്ട് വരിഞ്ഞുകെട്ടി ഗംഗയില്‍ എടുത്തെറിഞ്ഞു.

ഭീമന് പതിനായിരം ആനകളുടെ കരുത്ത് കിട്ടുന്നു

വെള്ളത്തില്‍ മുക്കി താഴ്ത്തപ്പെട്ട ഭീമന്‍ എത്തിച്ചേര്‍ന്നത് നാഗലോകത്തിലായിരുന്നു. ശത്രുവാണെന്ന് കരുതി വിഷസര്‍പ്പങ്ങള്‍ ഭീമനെ ആക്രമിച്ചു. അവയുടെ വിഷം കാളകൂടത്തിന് മറുവിഷമായി പ്രവര്‍ത്തിച്ച് അതിനെ നിര്‍വീര്യമാക്കി.

ബോധം തിരിച്ചുകിട്ടിയ ഭീമന്‍ സര്‍പ്പങ്ങള്‍ തന്നെ ആക്രമിക്കുന്നത് കണ്ട് അവയെ കൂട്ടത്തോടെ നിലത്തടിച്ച് കൊല്ലാന്‍ തുടങ്ങി.

വിവരമറിഞ്ഞ് നാഗരാജാവ് വാസുകിയും പരിവാരവും അവിടെയെത്തി. ഒരു മുതിര്‍ന്ന നാഗശ്രേഷ്ഠനായിരുന്ന ആര്യകന്‍ ഭീമന്‍ തന്‍റെ ദൗഹിത്രന്‍റെ ദൗഹിത്രനാണെന്ന് തിരിച്ചറിഞ്ഞു.

ആര്യകന്‍റെ മകളുടെ മകനാണ് ശൂരസേനന്‍. കുന്തി ശൂരസേനന്‍റെ മകളാണ്.

വാസുകി ഭീമന് ഒട്ടനവധി ഉപഹാരങ്ങള്‍ കൊടുത്ത് സന്തോഷിപ്പിക്കാന്‍ ഒരുമ്പെട്ടു. അതിലും നല്ലത് നാഗലോകത്തിലെ കുണ്ഡങ്ങളിലുള്ള ദിവ്യൗഷധം കുടിക്കാന്‍ അനുവദിക്കുന്നതായിരിക്കും എന്ന് ആര്യകന്‍ അഭിപ്രായപ്പെട്ടു. ഒരു കുണ്ഡത്തിലെ ഔഷധത്തിന് ആയിരം ആനകളുടെ കരുത്തേകാന്‍ കഴിയും.

ഭീമന്‍ എല്ലാ കുണ്ഡങ്ങളിലെയും ഔഷധം കുടിച്ചു. അത് ദഹിക്കാനായി ഏഴ് ദിവസം കിടന്നുറങ്ങി. എട്ടാം ദിവസം ഉറക്കമുണര്‍ന്നപ്പോള്‍ നാഗങ്ങള്‍ ഭീമനോട് പറഞ്ഞു-

യത് തേ പീതോ മഹാബാഹോ രസോഽയം വീര്യസംഭൃതഃ.
തസ്മാന്നാഗായുതബലോ രണേഽധൃഷ്യോ ഭവിഷ്യസി.

ഈ ഔഷധം മൂലം അങ്ങ് പതിനായിരം ആനകളുടെ കരുത്ത് നേടി അപരാജിതനായി കഴിഞ്ഞിരിക്കുന്നു.

നാഗങ്ങള്‍ ഭീമനെ ഉദ്യാനത്തില്‍ തന്നെ തിരിച്ചു കൊണ്ടുവിട്ടു.

ദുര്യോധനന്‍ വീണ്ടുമൊരിക്കല്‍ ഭീമന് ഭക്ഷണത്തില്‍ കാളകൂടം കലര്‍ത്തിക്കൊടുത്തു. ഇത്തവണ അറിഞ്ഞുകൊണ്ടുതന്നെ ഭീമന്‍ അത് കഴിച്ച് ദഹിപ്പിച്ചു കളഞ്ഞു.

(മഹാഭാരതം. ആദിപര്‍വം. 127-128)

 

Author

Ramaswamy Sastry and Vighnesh Ghanapaathi

Audios

1

1

Copyright © 2021 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Active Visitors:
2452446