ബ്രാഹ്മണര്‍ എന്തുകൊണ്ട് നിര്‍ബന്ധമായും ഗായത്രി ജപിക്കണം

gayatri

ഒരിക്കല്‍ പതിനഞ്ച് വര്‍ഷത്തോളം ഭൂമിയില്‍ മഴ പെയ്തില്ല.

കൃഷിയിടങ്ങളൊക്കെ വരണ്ടുണങ്ങി.

ഭക്ഷണത്തിന്‍റെ അഭാവം കൊണ്ട് മനുഷ്യര്‍ പരസ്പരം കൊന്നു തിന്നാന്‍ വരെ തുടങ്ങി.

 

ഇതിനൊരു പരിഹാരം തേടി കുറച്ച് ബ്രാഹ്മണര്‍ ഗൗതമ മഹര്‍ഷിയെ സമീപിച്ചു.

ഗായത്രി ദേവിയുടെ ഉപാസകനായിരുന്നു ഗൗതമ മഹര്‍ഷി.

മഹര്‍ഷി ബ്രാഹ്മണരെ വിളിച്ചിരുത്തി സല്‍ക്കരിച്ചു.

തുടര്‍ന്ന് അവരുടെ പ്രശ്നങ്ങള്‍ ചോദിച്ച് മനസിലാക്കി.

 

മഹര്‍ഷി ദേവിയെ പ്രാര്‍ത്ഥിച്ച് പ്രത്യക്ഷപ്പെടുത്തി.

ദേവി മഹര്‍ഷിക്ക് ഒരു അക്ഷയപാത്രം കൊടുത്തിട്ട് പറഞ്ഞു - ഈ പാത്രത്തില്‍ നിന്നും നിങ്ങള്‍ക്ക് വേണ്ടതെല്ലാം ലഭിക്കും.

 

മഹര്‍ഷി ബ്രാഹ്മണരോട് സ്ഥിരമായി തന്‍റെ ആശ്രമത്തില്‍ തന്നെ വസിക്കാന്‍ അപേക്ഷിച്ചു.

അവര്‍ക്ക് വേണ്ട ധനധാന്യങ്ങളും വസ്ത്രങ്ങളും പൂജാദ്രവ്യങ്ങളുമൊക്കെ അക്ഷയപാത്രത്തില്‍ നിന്നും സൃഷ്ടിച്ച് കൊടുത്തു.

ബ്രാഹ്മണര്‍ സന്തോഷത്തോടെ മഹര്‍ഷിയോടൊപ്പം താമസിച്ച് തുടങ്ങി.

ആശ്രമത്തില്‍ എന്നും ഉല്‍സവപ്രതീതി ആയി മാറി.

ഇതെല്ലാം കേട്ടറിഞ്ഞ് പിന്നെയും ഒട്ടനവധി പേര്‍ ആശ്രമത്തില്‍ വന്നു ചേര്‍ന്നു.

മഹര്‍ഷി എല്ലാവരേയും സ്വാഗതം ചെയ്തു.

 

ഒരിക്കല്‍ ആശ്രമത്തില്‍ വന്ന നാരദ മഹര്‍ഷി ഗൗതമ മഹര്‍ഷിയോട് പറഞ്ഞു - അങ്ങയുടെ കീര്‍ത്തി ദേവലോകത്തില്‍ വരെ പരന്നിരിക്കുന്നു.

 

ഇത് കേട്ട ബ്രാഹ്മണരി‍ല്‍ ചിലര്‍ക്ക് ഗൗതമ മഹര്‍ഷിയോട് അസൂയയായി.

എങ്ങനെയെങ്കിലും മഹര്‍ഷിക്ക് ചീത്തപ്പേര് ഉണ്ടാക്കണമെന്ന് അവര്‍ ഉറച്ചു.

മായാശക്തികൊണ്ട് അവര്‍ ഒരു പശുവിനെ നിര്‍മ്മിച്ചു; എല്ലും തോലുമായ ഒരു പശു.

അതിനെ മഹര്‍ഷി യജ്ഞം ചെയ്തുകൊണ്ടിരുന്ന മണ്ഡപത്തില്‍ കൊണ്ടുവിട്ടു.

മഹര്‍ഷി അതിനെ പുറത്താക്കാന്‍ നോക്കുമ്പോഴേക്കും പശു അവിടെക്കിടന്ന് മരിച്ചു.

മഹര്‍ഷി പശുവിനെ കൊന്നതാണെന്ന് ആ ദുഷ്ടബ്രാഹ്മണര്‍ പറഞ്ഞു പരത്തി.

 

യജ്ഞം പൂര്‍ത്തിയാക്കി വന്ന മഹര്‍ഷി ഇതറിഞ്ഞ് വളരെ ദുഃഖിച്ചു.

കുറച്ചു നേരം ധ്യാനിച്ചപ്പോള്‍ മഹര്‍ഷിക്ക് നടന്നതെല്ലാം മനസിലായി.

അദ്ദേഹം ആ ബ്രാഹ്മണരെ ശപിച്ചു - ഗായത്രി ദേവി നിങ്ങള്‍ക്ക് മേല്‍ കോപിച്ചിരിക്കുകയാണ്.

നിങ്ങള്‍ക്ക് വേദത്തിലും ഗായത്രി മന്ത്രത്തിലുമുള്ള അധികാരം നഷ്ടപ്പെടും.

ദാനം മുതലായ സല്‍ക്കര്‍മ്മങ്ങളൊക്കെ നിങ്ങള്‍ കൈവിടും.

ജ്ഞാനത്തിനേയും എന്തിനേറെ സ്വന്തം ഭാര്യയേയും പുത്രനേയും വരെ വില്‍ക്കാന്‍ നിങ്ങള്‍ മടിക്കില്ല.

വേദത്തിനേയും ക്ഷേത്രങ്ങളേയും കച്ചവടച്ചരക്കുകളാക്കി മാറ്റുന്ന അധമന്മാര്‍ ചെന്നുവീഴുന്ന നരകത്തില്‍ നിങ്ങളും പോയി വീഴും.

 

ബ്രാഹ്മണര്‍ മഹര്‍ഷിയുടെ കാലില്‍ വീണ് മാപ്പപേക്ഷിച്ചു.

കരളലിഞ്ഞ മഹര്‍ഷി പറഞ്ഞു - എന്‍റെ ശാപം ഫലിക്കാതിരിക്കില്ല.

ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്‍ അവതാരം എടുക്കുന്നതു വരെ നിങ്ങള്‍ നരകത്തില്‍ കഴിയും.

അതിനു ശേഷം നിങ്ങള്‍ക്ക് ഭൂമിയില്‍ ജന്മമെടുക്കാം.

എന്നാല്‍ എപ്പോള്‍ വരെ നിങ്ങള്‍ ഗായത്രി മന്ത്രം ജപിക്കുന്നുവോ അപ്പോള്‍ വരെ മാത്രമേ നിങ്ങള്‍ എന്‍റെ ശാപത്തില്‍ നിന്നും സുരക്ഷിതരായിരിക്കൂ.

ഗായത്രി മന്ത്രം ജപിക്കുന്നത് നിര്‍ത്തിയാല്‍ നിങ്ങള്‍ക്ക് വീണ്ടും നരകയാതന അനുഭവിക്കേണ്ടി വരും.

 

അതുകൊണ്ട് ബ്രാഹ്മണര്‍ക്ക് ഗായത്രി ജപം അത്യന്താപേക്ഷിതമാണ്.

 

 

 

 

എന്താണ് ഗായത്രി മന്ത്രത്തിന്‍റെ അര്‍ത്ഥം?

ശ്രേഷ്ഠനായ സൂര്യദേവനെ ഞങ്ങള്‍ ധ്യാനിക്കുന്നു. സൂര്യദേവന്‍ ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കട്ടെ.

ആരാണ് ഗായത്രി മന്ത്രത്തിന്‍റെ ദേവത?

സവിതാവ് അല്ലെങ്കില്‍ സൂര്യനാണ് ഗായത്രി മന്ത്രത്തിന്‍റെ ദേവത. മന്ത്രത്തിനെ ഒരു ദേവീസ്വരൂപമായി കരുതി ഗായത്രി, സാവിത്രി, സരസ്വതി എന്നിവരേയും ഗായത്രി മന്ത്രത്തിന്‍റെ അഭിമാന ദേവതകളായി കരുതുന്നു.

Quiz

ഗായത്രി മന്ത്രത്തിന്‍റെ ഋഷിയാര്?
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |