ദ്വാരക

 

എവിടെയാണ് ദ്വാരക?

ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലാണ് പുണ്യനഗരി ദ്വാരക.

ദ്വാരകയുള്‍പ്പെട്ട ചാര്‍ ധാം ഏതൊക്കെയാണ്?

ബദരീനാഥ്, പുരി, രാമേശ്വരം, ദ്വാരക.

സപ്തപുരികള്‍ ഏതൊക്കെയാണ്?

അയോദ്ധ്യ, മഥുര, ഹരിദ്വാര്‍, കാശി, കാഞ്ചീപുരം, ഉജ്ജയിനി, ദ്വാരക. ഇവിടങ്ങളിലേക്കുള്ള തീര്‍ഥയാത്ര മോക്ഷദായകമാണ്.

ദ്വാരകയുടെ പ്രാചീന നാമം എന്താണ്?

കുശസ്ഥലി.

എന്താണ് ദ്വാരകയെന്ന പേരിന്‍റെയര്‍ഥം?

മോക്ഷത്തിലേക്കുള്ള വാതില്‍.

ആദ്യമായി ദ്വാരക നഗരി നിര്‍മ്മിച്ചതാര്?

വൈവസ്വതമനുവിന്‍റെ വംശജനായ രേവതന്‍ എന്ന രാജാവ്. 

ഇത് പിന്നീട് രാക്ഷസന്മാരാല്‍ നശിപ്പിക്കപ്പെട്ട് വളരെക്കാലം കാടുപിടിച്ച് ചതുപ്പുനിലമായി കിടന്നു. 

ശ്രീകൃഷ്ണനാണ് ദ്വാരകയെ വീണ്ടെടുത്തത്.

ദ്വാരകയുടെ നിര്‍മ്മാണത്തിനായി കൃഷ്ണന് ഭൂമി ലഭിച്ചതെങ്ങനെ?

മഥുരയില്‍വെച്ച് കൃഷ്ണന്‍ സമുദ്രദേവനെ വിളിച്ച് പറഞ്ഞു - എനിക്ക് ഒരു നഗരം നിര്‍മ്മിക്കാനായി നൂറ് യോജന ഭൂമി വേണം. 

കുറച്ച് കാലം കഴിഞ്ഞ് തിരികെത്തരാം.

കൃഷ്ണന്‍ എന്തിനാണ് ദ്വാരകയിലേക്ക് മാറിത്താമസിച്ചത്?

കംസന്‍റെ ഭാര്യാപിതാവായിരുന്നു ജരാസന്ധന്‍. 

കൃഷ്ണന്‍ കംസനെ വധിച്ചതിനുശേഷം ജരാസന്ധന്‍ പതിനേഴ് പ്രാവശ്യം മഥുരയെ  ആക്രമിച്ചു. 

പതിനെട്ടാമത്തെ തവണ ജരാസന്ധന്‍ ആക്രമിച്ചപ്പോള്‍ തുടരെയുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനായി കൃഷ്ണനും ബലരാമനും ദ്വാരകയിലേക്ക്  മാറിത്താമസിക്കാന്‍ തീരുമാനിച്ചു.

ശ്രീകൃഷ്ണന് വേണ്ടി ദ്വാരക നിര്‍മ്മിച്ചതാര്?

വിശ്വകര്‍മ്മാവ്. 

ഇതില്‍ യക്ഷന്മാരും, കൂഷ്മാണ്ഡന്മാരും, ദാനവന്മാരും, ബ്രഹ്മരാക്ഷസന്മാരും സഹായിച്ചു. 

കുബേരനും ശിവനും പാര്‍വതിയും തങ്ങളുടെ ഗണങ്ങളെ അയച്ചുകൊടുത്തു. ഗരുഡന്‍റെ സാന്നിദ്ധ്യത്തില്‍ നടന്ന നിര്‍മ്മാണം ഒറ്റ രാത്രികൊണ്ടാണ് മുഴുമിപ്പിച്ചത്.

ഭഗവാന്‍ ദ്വാരകാവാസത്തെപ്പറ്റി മുന്‍കൂട്ടി പറഞ്ഞിരുന്നു

നാരദമഹര്‍ഷി ശ്വേതദ്വീപില്‍ തന്നെ സന്ദര്‍ശിച്ച സമയത്ത്   ശ്രീമന്നാരായണന്‍ പറഞ്ഞു - ദ്വാപരയുഗത്തിന്‍റെയൊടുവില്‍ ഞാന്‍ മഥുരയില്‍ അവതരിക്കും. കംസനേയും മറ്റ് പല അസുരന്മാരെയും നിഗ്രഹിച്ച ശേഷം ഞാന്‍ ദ്വാരകയിലേക്ക് പോകും. 

അവിടെ നരകാസുരനേയും മുരനേയും പീഠനേയും വധിക്കും. പ്രാഗ്ജ്യോതിഷപുരം കീഴടക്കി അവിടത്തെ സമ്പത്തെല്ലാം ദ്വാരകയിലേക്ക് കൊണ്ടുവരും. 

എന്‍റെ അവതാരോദ്ദേശ്യം നിറവേറ്റിയശേഷം യാദവരേയും ദ്വാരകയേയും ഇല്ലാതാക്കി ഞാന്‍ വൈകുണ്ഠത്തിലേക്ക് മടങ്ങും.

എങ്ങനെയുള്ള നഗരമായിരുന്നു ദ്വാരക?

മൂന്നു ലോകങ്ങളിലും ദ്വാരകക്ക് സമാനമായ നഗരം നന്നേ കുറവായിരുന്നു. വൈകുണ്ഠസദൃശമായിരുന്ന ദ്വാരക ഭക്തര്‍ക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. തടി തീര്‍ത്തും ഉപയോഗിക്കാതെ ഹിമാലയത്തില്‍ നിന്നും കൊണ്ടുവന്ന അമൂല്യമായ രത്നങ്ങള്‍ കൊണ്ടാണ് ദ്വാരക നിര്‍മ്മിക്കപ്പെട്ടത്. 

ശ്രീകൃഷ്ണന്‍റെ ഓരോ ഭാര്യക്കും ഇരുപത് മുറികള്‍ വീതമുള്ള കൊട്ടാരമുണ്ടായിരുന്നു. 

ഉഗ്രസേനരാജാവിനും വസുദേവര്‍ക്കും അതിവിശാലമായ കൊട്ടാരങ്ങളുണ്ടായിരുന്നു. 

യാദവര്‍ക്കെല്ലാം തനി തനി വീടുകളും സേവകര്‍ക്ക് പാര്‍പ്പിടങ്ങളുമുണ്ടായിരുന്നു. 

ദിവ്യവൃക്ഷങ്ങള്‍ എവിടെയും കാണപ്പെട്ടു. പ്രൗഢിയില്‍ അമരാവതിക്ക് ഒട്ടും പിന്നിലായിരുന്നില്ല ദ്വാരക.

ദ്വാരകയെ ധനസമൃദ്ധമാക്കിയതാര്?

കുബേരന്‍റെ നിധി സൂക്ഷിപ്പുകാരില്‍ ഒരാളാണ് ശംഖന്‍. 

കൃഷ്ണന്‍റെ ആജ്‍ഞയനുസരിച്ച് ശംഖന്‍ ദ്വാരകയിലെ ഓരോ വീട്ടിലും സമ്പത്ത് വര്‍ഷിച്ചു.

ദ്വാരകയിലെ രാജസഭയുടെ പേരെന്താണ്?

സുധര്‍മ്മ. 

വായുദേവനാണ് സ്വര്‍ഗത്തില്‍ നിന്നും സുധര്‍മ്മയെ ദ്വാരകയിലേക്ക് കൊണ്ടുവന്നത്.

ആരായിരുന്നു ദ്വാരകയുടെ രാജാവ്?

ഉഗ്രസേനന്‍.

ആരായിരുന്നു ദ്വാരകയുടെ രാജപുരോഹിതന്‍?

കാശിനിവാസിയായിരുന്ന മുനി സാന്ദീപനി.

എന്താണ് ബേട് ദ്വാരക?

ദ്വാരകക്ക് സമീപമുള്ള ഒരു ദ്വീപാണ് ബേട് ദ്വാരക. 

കൃഷ്ണന്‍റെ കൊട്ടാരം ഇവിടെയായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.

ബേട് ദ്വാരകയുടെ മറ്റൊരു പേര്?

ശംഖോദ്ധാര്‍.

മഥുരയുടേയും ദ്വാരകയുടേയും സംസ്കൃതി ഒരു പോലെയാകാന്‍ കാരണമെന്ത്?

മഥുരയിലെ യാദവന്മാരാണ് ദ്വാരകയിലേക്ക് കുടിയേറിപ്പാര്‍ത്തത്.

യുദ്ധത്തിനായി സഹായമഭ്യര്‍ത്ഥിച്ച് അര്‍ജുനനും ദുര്യോധനനും സമീപിച്ചപ്പോള്‍ കൃഷ്ണന്‍ എവിടെയായിരുന്നു?

ദ്വാരകയില്‍.

അര്‍ജുനന്‍റെയും സുഭദ്രയുടേയും വിവാഹം നടന്നത് എവിടെ വെച്ച്?

ദ്വാരകയില്‍.

രൈവതക പര്‍വതത്തിന്‍റെ ഇപ്പോഴത്തെ പേരെന്ത്?

ഗിര്‍നാര്‍.

ശിശുപാലന്‍ ദ്വാരകയെ ആക്രമിക്കുന്നു

കൃഷ്ണന്‍ പ്രാഗ്ജ്യോതിഷപുരത്തില്‍ ( അസ്സാം ) പോയിരുന്ന സമയം നോക്കി ശിശുപാലന്‍ ദ്വാരകയെ ആക്രമിച്ചു. 

രൈവതക പര്‍വതത്തില്‍ വെച്ച് ഉഗ്രസേനനെ ആക്രമിച്ച് അദ്ദേഹത്തിന്‍റെ പല സേവകരേയും വകവരുത്തി. 

പലരേയും തടവിലാക്കി. 

വസുദേവരുടെ അശ്വമേധയാഗത്തിലെ കുതിരയെ കടത്തിക്കൊണ്ട് പോയി. ബഭ്രുവിന്‍റെ പത്നിയേയും ഭദ്രയേയും കടത്തിക്കൊണ്ട് പോയി.

ദ്രൗപരി കൗരവസഭയില്‍ അപമാനിക്കപ്പെട്ടപ്പോള്‍ ശ്രീകൃഷ്ണന്‍ എവിടെയായിരുന്നു?

ദ്വാരകയില്‍.

ദ്വാരക തലസ്ഥാനമായിരുന്ന യാദവരാജ്യത്തിന്‍റെ പേര്?

ആനര്‍ത്തം.

ശാല്വന്‍ ദ്വാരകയെ ആക്രമിക്കുന്നു

ശിശുപാലന്‍റെ സുഹൃത്തായിരുന്നു ശാല്വന്‍. 

കൃഷ്ണന്‍ ശിശുപാലനെ വധിച്ചതറിഞ്ഞ് ശാല്വന്‍ കൃഷ്ണനെത്തേടി വന്നു. 

കൃഷ്ണന്‍ അപ്പോള്‍ ഹസ്തിനാപുരത്തിലായിരുന്നു.  

ഒട്ടനവധി യാദവ യുവാക്കള്‍ ശാല്വന്‍റെ കയ്യാല്‍ കൊല്ലപ്പെട്ടു.

ദ്വാരകയുടെ സുരക്ഷാസംവിധാനം

ദ്വാരകയില്‍ എല്ലായിടത്തും കാവല്‍ഗോപുരങ്ങളുണ്ടായിരുന്നു. 

നഗരത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഭടന്മാര്‍ നിലയുറപ്പിച്ചിരുന്നു. 

ദ്വാരകയിലെ സൈന്യം കിടങ്ങുകളില്‍നിന്നും യുദ്ധം ചെയ്യുന്നതില്‍ വിദ ഗ്ദ്ധരായിരുന്നു. 

ശത്രുവിന്‍റെ നീക്കം തടയാന്‍ ഭൂമിയില്‍ വിഷയാണികളും അള്ളുകളും കുഴിച്ചിട്ടിരുന്നു. 

ആയുധങ്ങളും ആഹാരവും സംഭരിക്കപ്പെട്ടിരുന്നു. 

ശത്രുക്കളില്‍ നിന്നും ആക്രമണഭീതിയുള്ള സമയങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തപ്പെട്ടിരുന്നു.

അശ്വത്ഥാമാവ് ദ്വാരകയില്‍

അശ്വത്ഥാമാവ് കൃഷ്ണനെക്കാണാന്‍ ദ്വാരകയിലേക്ക് വന്നു. 

തന്‍റെ ബ്രഹ്മശിരാസ്ത്രവുമായി സുദര്‍ശനചക്രം മാറ്റം ചെയ്യാമോ എന്നതായിരുന്നു ആവശ്യം. 

ഭഗവാന്‍ പറഞ്ഞു - പകരമൊന്നും വേണ്ടാ. ചക്രമെടുത്തോളൂ. 

അശ്വത്ഥാമാവ് കിണഞ്ഞു പരിശ്രമിച്ചിട്ടും ചക്രം ഒന്നിളക്കാന്‍ പോലുമായില്ലാ. തളര്‍ന്ന് നിലത്തിരുന്ന അശ്വത്ഥാമാവിനോട് ഭഗവാന്‍ ചോദിച്ചു - കിട്ടിയിരുന്നെങ്കില്‍ ചക്രം ആര്‍ക്കുനേരെ പ്രയോഗിക്കാനായിരുന്നു ഉദ്ദേശ്യം? അശ്വത്ഥാമാവ് പറഞ്ഞു - അങ്ങേക്കു നേരെ തന്നെ.

ദ്വാരകയുടെ വിനാശം എപ്പോഴാണ് സംഭവിച്ചത്?

കുരുക്ഷേത്ര യുദ്ധത്തിന് ശേഷം മുപ്പത്തിയാറാമത്തെ വര്‍ഷത്തില്‍.

ദ്വാരകയിലെ യാദവന്മാര്‍ ഏതൊക്കെ വംശക്കാരായിരുന്നു?

ഭോജ, വൃഷ്ണി, അന്ധക, കുകുര വംശക്കാര്‍.

എന്തായിരുന്നു ദ്വാരകയുടെ വിനാശത്തിന് കാരണം?

  1. ഗാന്ധാരിയുടെ ശാപം. 2. ഋഷിശാപം.

എന്തിനാണ് ഋഷിമാ‍ര്‍ യാദവരെ ശപിച്ചത്?

ഒരിക്കല്‍ വിശ്വാമിത്ര മഹര്‍ഷിയും കണ്വ മഹര്‍ഷിയും നാരദ മഹര്‍ഷിയും ദ്വാരകയിലേക്ക് വന്നു. 

ഋഷിമാരെ പരിഹസിക്കാനായി ചില യാദവ യുവാക്കള്‍ കൃഷ്ണന്‍റെ മകന്‍ സാംബനെ സ്ത്രീവേഷം കെട്ടിച്ച് ഋഷിമാര്‍ക്ക് മുന്നില്‍ കൊണ്ടുവന്നു. 

എന്നിട്ട് ചോദിച്ചു - ഇത് ബഭ്രുവിന്‍റെ ഗര്‍ഭിണിയായ ഭാര്യയാണ്. 

ഇവള്‍ക്ക് ആണ്‍കുഞ്ഞ് വേണമെന്ന് വലിയ ആഗ്രഹം. 

ദയവായി പറയാമോ കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന്? 

ഋഷിമാര്‍ കോപിഷ്ഠരായി ശപിച്ചു - ആണുമല്ല. പെണ്ണുമല്ല. 

ഗര്‍ഭത്തില്‍ ഇരുമ്പുലക്കയാണ്. 

ആ ഇരുമ്പുലക്ക കൃഷ്ണനേയും ബലരാമനെയും ഒഴികെ എല്ലാ യാദവരേയും നശിപ്പിക്കും. 

കൃഷ്ണന്‍ ഒരു വേടന്‍റെ അമ്പേറ്റ് മരിക്കും. 

ബലരാമന്‍ തന്‍റെ ശരീരം വെടിഞ്ഞ് സമുദ്രത്തില്‍ പ്രവേശിക്കും.

ഗാന്ധാരിയുടെ ശാപം

കുരുക്ഷേത്രയുദ്ധം സമാപിച്ചതിനുശേഷം ഗാന്ധാരി കൃഷ്ണനോട് പറഞ്ഞു - അങ്ങയുടെ ഉപേക്ഷയാണ് കുരുവംശത്തിന്‍റെ നാശത്തിന് കാരണം. 

ഇത് അങ്ങ് മനപൂര്‍വം ചെയ്തതാണ്. 

അങ്ങ് ശ്രമിക്കാത്തതുകൊണ്ടാണ് പാണ്ഡവരും കൗരവരും പരസ്പരം യുദ്ധം ചെയ്തത്. 

ഇന്നേക്ക് മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം അങ്ങ് തന്നെ അങ്ങയുടെ വംശത്തിന്‍റെ വിനാശത്തിന് കാരണമാകും. 

അങ്ങയുടെ ബന്ധുമിത്രാദികളെല്ലാം തമ്മില്‍ത്തല്ലി മരിക്കും. 

അങ്ങും ഒരു അനാഥനെപ്പോലെ അശുഭമരണത്തിന് ഇരയാകും.

യാദവരുടെ ഉന്മൂലനം തടയാന്‍ എന്തൊക്കെ നടപടികളാണ് എടുക്കപ്പെട്ടത്?

സാംബന്‍ ഇരുമ്പുലക്കയെ പ്രസവിച്ചു. 

അതിനെ പൊടിച്ച് കടലില്‍ കലക്കി. 

യാദവരോടെല്ലാം ജാഗരൂകരായിരിക്കാന്‍ ആവശ്യപ്പെട്ടു. 

മദ്യനിരോധനം ഏര്‍പ്പെടുത്തി.

കൃഷ്ണന്‍ യാദവരേയും കൂട്ടി സോമനാഥിലേക്ക് തീര്‍ഥയാത്രക്കായി പുറപ്പെട്ടു.

ദ്വാരകയുടെ വിനാശത്തിന് മുമ്പായി എന്തൊക്കെ അപശകുനങ്ങളാണ് കാണപ്പെട്ടത്?

യാദവര്‍ക്ക് യമന്‍ തങ്ങളുടെ വീടുകള്‍ക്കുള്ളിലേക്ക് ഉളിഞ്ഞുനോക്കുന്നതായി തോന്നി. 

എലികള്‍ പെരുകി. 

അവ ഉറങ്ങുന്നവരുടെ മുടിയും നഖങ്ങളും കരണ്ടു. 

എവിടെയും പ്രാവുകള്‍ കാണപ്പെട്ടു. 

മൈനകള്‍ ഇടതടവില്ലാതെ ചിലച്ചുകോണ്ടേയിരുന്നു. 

ആടുകള്‍ കുറുക്കന്മാരെപ്പോലെ ഓരിയിട്ടു. 

പശുക്കള്‍ കഴുതകളെ പ്രസവിച്ചു. 

നായ്ക്കള്‍ പൂച്ചകളെ പ്രസവിച്ചു. 

വൃദ്ധന്മാരും ദേവന്മാരും പിതൃക്കളും പരസ്യമായി നിന്ദിക്കപ്പെട്ടു. ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം വഞ്ചിച്ചു. 

അഗ്നി നാളങ്ങള്‍ ഇടത്തോട്ട് ജ്വലിക്കാന്‍ തുടങ്ങി. 

ആഹാരത്തില്‍ പുഴുക്കള്‍ കാണപ്പെട്ടു. 

ആകാശത്തില്‍ ഗ്രഹങ്ങളും നക്ഷത്രങ്ങളും കൂട്ടിയിടിച്ചു. 

നക്ഷത്രങ്ങള്‍ അപ്രത്യക്ഷമായി. 

പാഞ്ചജന്യത്തിന്‍റെ നാദത്തിന് മറുപടിയായി കഴുതകള്‍ കരഞ്ഞു.

എവിടെയാണ് യാദവര്‍ തമ്മില്‍ത്തല്ലി ഒടുങ്ങിയത്?

സോമനാഥില്‍.

എങ്ങിനെയാണ് യാദവര്‍ തമ്മില്‍ത്തല്ലിയത്?

സോമനാഥില്‍ എത്തിയ യാദവര്‍ മദ്യപിച്ച് മദോന്മത്തരായി. 

സാത്യകിയും കൃതവര്‍മ്മനും യുദ്ധത്തില്‍ നടന്ന ചില കാര്യങ്ങളെച്ചൊല്ലി കലഹിച്ചു. 

സാത്യകി കൃതവര്‍മ്മനെ വധിച്ചു. 

ഭോജന്മാരും അന്ധകന്മാരും ചേര്‍ന്ന് സാത്യകിയേയും പ്രദ്യുമ്നനേയും വധിച്ചു. ഇരുമ്പുലക്കയുടെ പൊടി സോമനാഥിലെ കടല്‍ത്തീരത്ത് ഏരകം എന്ന പുല്ലായി മുളച്ചിരുന്നു. 

കൃഷ്ണന്‍ അതില്‍നിന്നും ഒരു പിടി പുല്ലെടുത്തപ്പോള്‍ അവ ഇരുമ്പുവടികളായി മാറി. 

തന്‍റെ മുമ്പില്‍ കണ്ടവരെയെല്ലാം കൃഷ്ണന്‍ ആ വടികള്‍ കൊണ്ട് വധിച്ചു. 

ഇത് കണ്ട മറ്റ് യാദവരും പുല്ലെടുത്ത് വടികളാക്കി പരസ്പരം കൊന്നു. അവശേഷിച്ചവരെല്ലാം കൃഷ്ണന്‍ തന്നെ വധിച്ചു.

യാദവന്മാരുടെ തമ്മില്‍ത്തല്ലിയുള്ള മരണത്തിന് ശേഷം ദ്വാരകയില്‍ ആരെങ്കിലും അവശേഷിച്ചിരുന്നോ?

വൃദ്ധന്മാരും, സ്ത്രീകളും കുഞ്ഞുങ്ങളും.

ബലരാമന്‍റെ അന്ത്യം എങ്ങനെയായിരുന്നു?

യാദവരുടെ ഉന്മൂലനത്തിനുശേഷം ബലരാമന്‍ സമാധിയില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്‍റെ വായില്‍നിന്നും ഒരു വലിയ സര്‍പ്പം (ആദിശേഷന്‍) പുറത്തുവന്ന് സമുദ്രത്തില്‍ പ്രവേശിച്ചു.

കൃഷ്ണന്‍റെ അന്ത്യം എങ്ങനെയായിരുന്നു?

സമാധിയിലിരുന്ന കൃഷ്ണന്‍റെ കാല്‍പ്പാദം കണ്ട ഒരു വേടന്‍ അതൊരു മാനാണെന്ന് കരുതി അമ്പെയ്തു. 

ഭഗവാനെക്കണ്ട വേടന്‍ ഭയന്നു വിറക്കാന്‍ തുടങ്ങി. 

വേടനെ ആശ്വസിപ്പിച്ച ശേഷം ഭഗവാന്‍ വൈകുണ്ഠത്തിലേക്ക് മടങ്ങി.

എവിടെയാണ് കൃഷ്ണന്‍ കൊല്ലപ്പെട്ടതും സംസ്കരിക്കപ്പെട്ടതും?

സോമനാഥില്‍ നിന്നും നാല് കിലോമീറ്റര്‍  ദൂരെയുള്ള ഭാല്‍ക്കാ തീര്‍ഥത്തില്‍.

കൃഷ്ണന്‍റെ അന്തിമസംസ്കാരം ചെയ്തതാര്?

അര്‍ജുനന്‍.

ദ്വാരക സമുദ്രത്തില്‍ മുങ്ങിയതെങ്ങനെ?

ദ്വാരകയില്‍ അവശേഷിച്ച സ്ത്രീകളെയും മറ്റും അര്‍ജുനന്‍ ഇന്ദ്രപ്രസ്ഥത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ തുടങ്ങി. 

അവര്‍ വിട്ടൊഴിഞ്ഞ പ്രദേശങ്ങളില്ലാം മെല്ലെ മെല്ലെ സമുദ്രം പ്രവേശിച്ചു.

ദ്വാരകയിലെ സ്ത്രീകള്‍ക്ക് എന്താണ് സംഭവിച്ചത്?

ദ്വാരകയില്‍ അവശേഷിച്ച വൃദ്ധന്മാരെയും സ്ത്രീകളെയും കുട്ടികളെയും അര്‍ജുനന്‍ ഇന്ദ്രപ്രസ്ഥത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന വഴിയില്‍ പഞ്ചനദത്തില്‍വെച്ച് ആഭീര വംശജരായ കൊള്ളക്കാര്‍ അവരെ അക്രമിച്ചു. വിലപിടിപ്പുള്ളതെല്ലാമും ഒട്ടനവധി സ്ത്രീകളെയും അവര്‍ അപഹരിച്ചു. അവശേഷിച്ച സ്ത്രീകളില്‍ ചിലര്‍ മാര്‍ത്തികത്വം തുടങ്ങിയ ഇടങ്ങളില്‍ അഭയം തേടി. 

ചിലര്‍ അര്‍ജുനന്‍റെ കൂടെ ഇന്ദ്രപ്രസ്ഥത്തില്‍ എത്തിച്ചേര്‍ന്നു. 

രുക്മിണി, ലക്ഷ്മണ, ജാംബവതി, മിത്രവിന്ദ, കാളിന്ദി എന്നിവര്‍ സതി മൂലം ദേഹത്യാഗം ചെയ്തു. 

സത്യഭാമയും നഗ്നജിതിയും ഭദ്രയും തപസ് ചെയ്യാന്‍ പോയി.

എന്താണ് ദ്വാരക ശാരദാ പീഠം?

സനാതനധര്‍മ്മത്തിന്‍റേയും അദ്വൈതവേദാന്തത്തിന്‍റേയും സംരക്ഷണത്തിനായി ശങ്കരാചാര്യര്‍ സ്ഥാപിച്ച നാല് മഠങ്ങളിലൊന്ന്.

ആരാണിപ്പോഴത്തെ ദ്വാരക ശാരദാ മഠത്തി‍ന്‍റെ പീഠാധിപതി?

സ്വാമി സദാനന്ദ സരസ്വതി.

അരാണ് ദ്വാരക ശാരദാ മഠത്തി‍ന്‍റെ ആദ്യത്തെ അചാര്യന്‍?

ഹസ്താമലകാചാര്യന്‍.

 

ദ്വാരകാധീശ ക്ഷേത്രം നിര്‍മ്മിച്ചതാര്?

ശീകൃഷ്ണന്‍റെ പ്രപൗത്രന്‍ വജ്രനാഭന്‍.

ഏത് കടലിലാണ് ദ്വാരക മുങ്ങിയത്?

അറബിക്കടലില്‍.

Quiz

അയോദ്ധ്യ എന്നതിന്‍റെ അര്‍ഥമെന്താണ് ?
Copyright © 2023 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |