മഹാഭാരതത്തിലെ വനപര്‍വം അദ്ധ്യായം 199 ലാണ് ഇന്ദ്രദ്യുമ്നന്‍റെ കഥയുള്ളത്. മാര്‍ക്കണ്ഡേയ മഹര്‍ഷിയാണ് ഈ കഥ പാണ്ഡവര്‍ക്ക് പറഞ്ഞുകൊടുത്തത്.
വനവാസകാലത്ത് പാണ്ഡവര്‍ കാമ്യകവനത്തില്‍ ആയിരുന്നപ്പോള്‍ മാര്‍ക്കണ്ഡേയ മഹര്‍ഷി അവിടെ വന്നിരുന്നു.
വേദത്തിലെ തത്ത്വങ്ങളെപ്പറ്റിയും ഭാരതവര്‍ഷത്തിന്‍റെ ചരിത്രത്തെക്കുറിച്ചും അദ്ദേഹം അവര്‍ക്ക് പലതും പറഞ്ഞുകൊടുത്തു.
പാണ്ഡവര്‍ മഹര്‍ഷിയോട് ചോദിച്ചു - അങ്ങ് ചിരഞ്ജീവിയാണെന്ന് ഞങ്ങള്‍ക്കറിയാം.
അങ്ങയെക്കാള്‍ പ്രായമുള്ള മറ്റാരെങ്കിലുമുണ്ടോ?
ഇതിനുത്തരമായാണ് മഹര്‍ഷി ഇന്ദ്രദ്യുമ്നന്‍റെ കഥ പറഞ്ഞുകൊടുത്തത്.
ഇന്ദ്രദ്യുമ്നന് ഒരു രാജര്‍ഷി ആയിരുന്നു, തപസ്സിലൂടെ ഋഷിയുടെ പദവി കരസ്ഥമാക്കിയ ഒരു രാജാവ്.
ചെയ്ത പുണ്യകര്‍മ്മങ്ങള്‍ മൂലം അദ്ദേഹത്തിന് സ്വര്‍ഗലോകത്തില്‍ ഇടവും കിട്ടി.
ഒരു ദിവസം ഇന്ദ്രദ്യുമ്നന്‍റെ സ്വര്‍ഗത്തിലെ താമസം പൊടുന്നനെ അവസാനിച്ചു.
ഇന്ദ്രദ്യുമ്നനോട് ഭൂമിയിലേക്ക് തിരികെ പൊയ്ക്കൊള്ളാന്‍ പറഞ്ഞു.
അദ്ദേഹം ആര്‍ജിച്ച പുണ്യം തീര്‍ന്നുകഴിഞ്ഞെന്ന്.
പുണ്യം ഉള്ളതുവരെ മാത്രമേ സ്വര്‍ഗത്തില്‍ കഴിയാനാവൂ.
ഇതെങ്ങനെയാണ് അറിയുന്നത്?
ഒരാള്‍ ചെയ്ത നല്ല കാര്യങ്ങളെപ്പറ്റി എപ്പോള്‍ വരെ ലോകത്തില്‍ ജനങ്ങള്‍ ഓര്‍ക്കുകയും സംസാരിക്കുകയും ചെയ്യുന്നുവോ അപ്പോള്‍ വരെ അയാള്‍ക്ക് സ്വര്‍ഗത്തില്‍ കഴിയാം.
അയാള്‍ മറക്കപ്പെട്ടാല്‍ അതിന്‍റെയര്‍ഥം പുണ്യം അവസാനിച്ചുവെന്നാണ്.
നരകത്തിലും ഇത് തന്നെയാണ്.
അവനവന്‍ ചെയ്യുന്ന ദുഷ്കര്‍മ്മങ്ങളുടെ ഫലമായി നരകത്തില്‍ പോകുന്നവര്‍ എപ്പോള്‍ വരെ അവര്‍ ഓര്‍മ്മിക്കപ്പെടുന്നുവോ അപ്പോള്‍ വരെ നരകയാതന അനുഭവിക്കണം.
ഭൂമിയില്‍ മടങ്ങിയെത്തിയ ഇന്ദ്രദ്യുമ്നന്‍ മാര്‍ക്കണ്ഡേയ മഹര്‍ഷിയെ കണ്ടെത്തി ചോദിച്ചു - അങ്ങേക്ക് എന്നെ അറിയാമോ?
മഹര്‍ഷി ചിരഞ്ജീവി ആയതിനാല്‍ ഇന്ദ്രദ്യുമ്നന്‍ ഭൂമിയിലുണ്ടായിരുന്ന കാലത്ത് മഹര്‍ഷി ജീവിച്ചിരുന്നിട്ടുണ്ടാകണം എന്ന പ്രതീക്ഷയില്‍ ആയിരുന്നു ഇത്.
മഹര്‍ഷി പറഞ്ഞു - ഞങ്ങള്‍ ഋഷിമാര്‍ ഒരു രാത്രിയില്‍ കൂടുതല്‍ ഒരിടത്ത് തങ്ങാറില്ല.
ഞങ്ങളുടെ ദിനം യജ്ഞവും, വ്രതവും, ഉപവാസവുമൊക്കെ ആയി കടന്നു പോകും.
ലോകത്തില്‍ നടക്കുന്നതൊന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടാറില്ല.
അതുകൊണ്ടുതന്നെ അങ്ങാരാണെന്ന് എനിക്ക് മനസ്സിലായില്ല.
ഇന്ദ്രദ്യുമ്നന്‍ ചോദിച്ചു - അങ്ങേക്ക് മുന്‍പ് ജനിച്ച ആരെങ്കിലുമുണ്ടോ?
ഉണ്ടെങ്കില്‍ ഒരു പക്ഷെ എന്നെ തിരിച്ചറിഞ്ഞെങ്കില്‍.
മഹര്‍ഷി പറഞ്ഞു - ഹിമാലയത്തില്‍ പ്രാവാരകര്‍ണ്ണന്‍ എന്ന് പേരുള്ള ഒരു മൂങ്ങയുണ്ട്.
അവന്‍റെ ജനനം എനിക്കും മുന്‍പാണ്.
ഇന്ദ്രദ്യുമ്നന്‍ ഒരു കുതിരയായി മാറി മഹര്‍ഷിയേയും പുറത്തേറ്റി ഹിമാലയത്തിലേക്ക് തിരിച്ചു.
അവിടെച്ചെന്ന് മൂങ്ങയെക്കണ്ട് ചോദിച്ചു - ഞാനാരാണെന്ന് അറിയാമോ?
മൂങ്ങ കുറച്ച് ആലോചിച്ച ശേഷം പറഞ്ഞു - ഇല്ല.
ഇന്ദ്രദ്യുമ്നന്‍ ചോദിച്ചു - അങ്ങയെക്കാള്‍ പ്രായമുള്ള മറ്റാരെങ്കിലുമുണ്ടോ?
മൂങ്ങ പറഞ്ഞു - ഇവിടെയടുത്ത് ഇന്ദ്രദ്യുമ്ന സരോവരം എന്നൊരു തടാകമുണ്ട്.
അവിടെ നാഡീജംഘന്‍ എന്നൊരു കൊക്കുണ്ട്.
അവനോട് ചോദിക്കാം.
മൂന്നു പേരും അങ്ങോട്ടേക്ക് തിരിച്ചു.
കൊക്കിനും രാജാവിനെ തിരിച്ചറിയാനായില്ല.
കൊക്ക് പറഞ്ഞു - ഈ തടാകത്തില്‍ ആകൂപാരന്‍ എന്ന് എന്നെക്കാള്‍ മുതിര്‍ന്ന ഒരു ആമയുണ്ട്.
ഒരു പക്ഷെ അദ്ദേഹം അങ്ങയെ തിരിച്ചറിഞ്ഞാലോ..
കൊക്ക് വിളിച്ചതുകേട്ട് ആമ തടാകത്തില്‍ നിന്നും പുറത്തിറങ്ങി വന്നു.
കുറേ നേരം ആലോചിച്ചതിനു ശേഷം ഇന്ദ്രദ്യുമ്നന് നേരെ കൈ കൂപ്പി ആകൂപാരന്‍ പറഞ്ഞു - അങ്ങയെ ഞാന്‍ തിരിച്ചറിയാതിരിക്കുമോ?
അങ്ങ് ആയിരം യജ്ഞങ്ങള്‍ ചെയ്ത മഹാനായ രാജാവ് ഇന്ദ്രദ്യുമ്നനല്ലേ?
അങ്ങ് ദാനം കൊടുത്ത അസംഖ്യം പശുക്കളുടെ കുളമ്പ് പതിഞ്ഞാണ് ഈ തടാകം ഉണ്ടായത്.
അതുകൊണ്ടാണ് ഈ തടാകത്തിന് അങ്ങയുടെ പേരുള്ളത്.
രാജാവിന്‍റെ കീര്‍ത്തി അപ്പോഴും ഭൂമിയില്‍ നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന് സ്വര്‍ഗത്തില്‍ സ്ഥാനം തിരികെ കിട്ടി.
കൂട്ടിക്കൊണ്ടുപോകാന്‍ വിമാനവുമായി ദേവദൂതന്‍ വന്നു.
തിരിച്ചറിഞ്ഞ ആമ ചിരഞ്ജീവി ആയതിനാല്‍ സ്വര്‍ഗത്തില്‍ ഇനിമേല്‍ സ്ഥിരവാസമായിരിക്കും.
മഹര്‍ഷിയേയും മൂങ്ങയേയും അവരവരുടെ ഇടങ്ങളില്‍ കൊണ്ടു ചെന്നാക്കിയശേഷം ഇന്ദ്രദ്യുമ്നന്‍ സ്വര്‍ഗത്തിലേക്ക് മടങ്ങി.
ഇപ്പോള്‍ നമ്മള്‍ ഇവിടെ ചെയ്യുന്ന കര്‍മ്മങ്ങളാണ് പരലോകത്തില്‍ നമ്മുടെ അവസ്ഥ തീരുമാനിക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ കഥ.
Astrology
Atharva Sheersha
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rituals
Rudram Explained
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta