അദ്ധ്യാത്മ ഭാഗവതം

krishna

 

എന്‍റെ ഗുണങ്ങൾ ശ്രവിയ്ക്കുന്നതോടൊപ്പം സർവാന്തര്യാമിയായ എന്‍റെ സ്വരൂപത്തിൽ സമുദ്രത്തിലേയ്ക്ക് ഒഴുകുന്ന ഗംഗ യെന്നപോലെ മനസ്സ് അവിച്ഛിന്നമായി സഞ്ചരിയ്ക്കുന്നു. പരമാത്മാ വിൽ അകാരണമായി ഉണ്ടാകുന്ന അനന്യ ഭക്തിഭാവത്തെ നിർഗുണഭക്തിയോഗം എന്നു പറയുന്നു.

ഇത്തരം ഭക്തന്മാർ എന്നെ പൂജിയ്ക്കുക എന്നതിൽ കവിഞ്ഞ് സാമീപ്യമോ, സാലോക്യമോ, സാരൂപ്യമോ, സായുജ്യമോ, മോക്ഷം പോലുമോ ആഗ്രഹിയ്ക്കുന്നില്ല. അതുകൊണ്ട് ഈശ്വരപ്രാപ്തിക്ക് ഭക്തിയോഗമാണ് അത്യുത്തമം. ഭക്തന്മാർ ത്രിഗുണങ്ങളെ അതിക്രമിച്ചിട്ട് മത്സ്വരൂപത്തിൽ ലയിയ്ക്കുന്നു. ഈ ഉത്തമഭക്തിയോഗത്തിന്‍റെ ഭൂമികയെ കപിലഭഗവാൻ ഇങ്ങനെ വിശദമാക്കിക്കൊടുത്തു. 

  1. വർണാശ്രമധർമങ്ങൾ നിഷ്കാമഭാവനയോടെ അനുഷ്ഠിയ്ക്കുക. 
  1. അഹിംസ പരിപാലിക്കുകയും ശാസ്ത്രോക്തമായ ക്രിയായോഗങ്ങളിലൂടെ വിഗ്രഹാരാധന നടത്തുകയും ചെയ്യുക. 
  1. സകല പ്രാണികളിലും ഭഗവാന്‍റെ ഭാവം കാണുക. 
  2. ധൈര്യം, അസംഗത, മാന്യമാനിത്വം, ആധിഗ്രസ്തരിലാർദ്രഭാവം, സമാനരിൽ മിത്രത മുതലായ ഭാവങ്ങൾ സ്വാധീനമാക്കുക. 
  3. അധ്യാത്മശാസ്ത്രങ്ങൾ ശ്രവിയ്ക്കുകയും നാമസങ്കീർത്തനം നടത്തുകയും ചെയ്യുക.
  4. മനസ്സിന്‍റെ സരളത, സത്സംഗം, അഹങ്കാരത്യാഗം. 
  5. തന്മയത.

മേൽപ്പറഞ്ഞ ഭൂമികയെ അനുസരിക്കുന്നതു കൊണ്ട് സദ്ധർമാചരണവും മനഃശുദ്ധിയും എളുപ്പത്തിൽ  സാധിയ്ക്കുന്നു. 

ഭഗവദ്ഗുണങ്ങൾശ്രവിയ്ക്കുന്നവർക്ക് ഭഗവത്സാരൂപ്യം സുലഭമാണ്. ഭക്തിയോഗത്താൽ തന്മയവും രാഗദോഷരഹിതവുമായ ചിത്തം പരമാത്മാവിനെ സമീപിയ്ക്കുന്നു. സർവഭൂതാന്തര്യാമിയായ പര മാത്മാവിനെ ചിന്തിയ്ക്കാതെ കേവലം വിഗ്രഹത്തിൽ മാത്രം ഈശ്വരനെ കാണുന്നവൻ നാമമാത്രഭക്തനാണ്. ചാമ്പലിൽ ചെയ്യുന്ന ഹോമംപോലെ നിഷ്പ്രയോജനമാണത്. ഭേദഭാവന ഉള്ളവർക്ക് അന്യശരീരങ്ങളിലുള്ള ഈശ്വരനോട് വൈരം ഉണ്ടാവുകയാണെങ്കിൽ അവരുടെ മനസ്സിന് ശാന്തി ലഭിയ്ക്കുകയില്ല. ആ പൂജ കൊണ്ട് ഞാൻ സന്തോഷിയ്ക്കകയുമില്ല. അതിനാൽ സ്വഹൃദയത്തിൽ ഇരിയ്ക്കുന്ന പരമാത്മാവ് അനുഭവഗോചരമാകുന്നതുവരെ നിത്യനൈമിത്തികകർമങ്ങളോടൊപ്പം വിഗ്രഹപൂജയും നടത്തണം. ആത്മാവിനും പരമാത്മാവിനും തമ്മിൽ ഭേദം കാണുന്നവരെയും ശരീരാഭിമാനികളെയും ഞാൻ മൃത്യുരൂപത്തിൽ വന്ന് വളരെ ദുഃഖിപ്പിയ്ക്കുന്നു. അതുകൊണ്ട് ദാനം, ദയ, മൈത്രി മുതലായവയോടുകൂടി അഭേദഭാവത്തിൽ ഭഗവാനെ ഭജിക്കണം. അമ്മേ! കല്ലിനേക്കാൾ വൃക്ഷവും വൃക്ഷത്തേക്കാൾ ജംഗമപാണികളും അവയേക്കാൾ മനീഷാസമ്പന്നരായ മനുഷ്യരും ശ്രേഷ്ഠമാണ്. മനുഷ്യരിലും സംയമസമ്പന്നരാണ് ശ്രേഷ്ഠർ. അവരെക്കാൾ ഉത്തമന്മാരാണ് വേദാന്തതത്ത്വജ്ഞാനികൾ. എന്നാൽ യാതൊന്നിലും ആസക്തിയില്ലാതെ നിഷ്കാമഭാവനയോടെ കർമം ചെയ്യുന്നവരാണ് കൂടുതൽ ഉത്തമന്മാർ. പക്ഷെ നിരന്തരം എന്നെ ധ്യാനിക്കുന്നവരെപ്പോലെ ശ്രേഷ്ഠരായി ആരും ഇല്ല.

 

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

Copyright © 2023 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |